
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവർണർ താവർചന്ദ് ഗെലോട്ട് ഔദ്യോഗികമായി സ്വീകരിച്ചു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പിരിച്ചുവിട്ടുകൊണ്ട് ഗവർണർ ഉത്തരവിറക്കി. സംസ്ഥാനത്ത് പുതിയ ഭരണസംവിധാനം നിലവിൽ വരുന്നത് വരെ സിദ്ധരാമയ്യ കാവൽ മുഖ്യമന്ത്രിയായി തുടരും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം വ്യാഴാഴ്ചയാണ് രാജി സമർപ്പിച്ചത്.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. രണ്ട് ദിവസം മുമ്പാണ് പദവി ഒഴിയാൻ ഹൈക്കമാൻഡ് സിദ്ധരാമയ്യയ്ക്ക് നിർദ്ദേശം നൽകിയത്.
പാർട്ടി നേതൃത്വം ആവശ്യപ്പെട്ടുവെന്നാണ് രാജി സമർപ്പിച്ചതിന് ശേഷം സിദ്ധരാമയ്യ പറഞ്ഞത്. രണ്ടുദിവസം മുമ്പ് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടു. അതനുസരിച്ച് ഞാൻ ഒഴിഞ്ഞു. രണ്ടുതവണ കർണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കാൻ അവസരം നൽകിയതിന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് സിദ്ധരാമയ്യ നന്ദി പറഞ്ഞു.