
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ എന്തു റോളാണുള്ളത്. കോടതി അനുമതിയോടെ കേന്ദ്ര ഏജന്‍സി നടത്തുന്ന അന്വേഷണത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് എന്തധികാരം. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ അതില്‍ ഇടപെടും. ആഭ്യന്തരമന്ത്രി സ്വീകരിച്ച നടപടിയില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്. ക്രമസമാധാനം പാലിക്കാനാണ് പോലീസ് ശ്രമിച്ചത്. ഒരു കേസ് അന്വേഷണത്തിന് വന്ന സംഘത്തിലെ സ്ത്രീകള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ ക്രിമിനലുകള്‍ എന്ന പറയാന്‍ പറ്റുന്ന സംഘം നടത്തിയ ആക്രമണത്തെ ന്യായീകരിക്കാന്‍ പറ്റുമോ? വളരെ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ക്രമസമാധാന ലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡി റെയ്ഡില്‍ രാഹുല്‍ ഗാന്ധിയെ പിണറായി വിജയന്‍ കുറ്റപ്പെടുത്തുന്നത് കണ്ടു. രാഹുല്‍ പറഞ്ഞിട്ടാണോ ഇ.ഡി വന്നത്. തുടര്‍ച്ചയായി 55 മണിക്കൂര്‍ ഇ.ഡിക്ക് മുന്നില്‍ ഇരുന്നയാളാണ് രാഹുല്‍. അതിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ ഇ.ഡിയുടെ വാഹനം അടിച്ചുപൊളിച്ചോ?
താന്‍ മോദിയോട് പറഞ്ഞിട്ടാണ് ഇ.ഡി റെയ്ഡ് എന്ന് മുന്‍മന്ത്രിമാര്‍ ഒക്കെ പറയുന്നത് കേട്ടിട്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണ് താന. മുഖ്യമന്ത്രി ആയശേഷം ആദ്യമായാണ് താന്‍ മോദിയെ കാണുന്നത്. അപ്പോള്‍ തന്നെ താന്‍ പറഞ്ഞത് അനുസരിച്ച് മോദി ഇ.ഡിയെ വിട്ടുവെന്നാണ് ഇവര്‍ പറയുന്നത്. സിപിഎമ്മുകാര്‍ കോമഡി പറയാന്‍ തുടങ്ങിയെന്നതാണ് ആകെയുള്ള ആശ്വാസമെന്നും സതീശന്‍ പരിഹസിച്ചു.
ഇവിടെ സിഎംആര്‍എല്ലില്‍ നിന്ന് രാഷ്ട്രീയ കക്ഷികള്‍ സംഭാവന വാങ്ങിയതല്ല വിഷയം. മന്ത്രിമാര്‍ പണം വാങ്ങിയോ. കമ്പനികളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന വാങ്ങുന്നത് സാധാരണമാണ്. രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാടാണ്. കള്ളപ്പണം വെളുപ്പിച്ചുവെന്ന് കണ്ടെത്തിയാണ് പിഎംഎല്‍എ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. എന്തുസേവനത്തിനാണ് പണം നല്‍കിയിരിക്കുന്നത്. ഇ.ഡി അന്വേഷണത്തില്‍ സംസ്ഥാനത്തിന് ഇടപെടാനാവില്ല. കുറ്റവാളികള്‍ അറസ്റ്റു ചെയ്യപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞൂ.
അക്രമസംഭവങ്ങളില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്. പോലീസ് ബുദ്ധിപരമായാണ് പെരുമാറിയത്. പാര്‍ട്ടി ഓഫീസില്‍ ഇരച്ചുകയറി അക്രമികളെ പിടികൂടാന്‍ ശ്രമിക്കാത്തത് അക്രമം ഒഴിവാക്കാനാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം സാമൂഹ്യവിരുദ്ധരും സംഘര്‍ഷത്തില്‍ ഇടപെട്ടിട്ടുണ്ട്. തെറ്റ് ചെയ്ത ആരും രക്ഷപ്പെടില്ല. പോലീസ് അന്വേഷണം തുടരുകയാണ്. അതില്‍ ആരും ഇടപെടില്ല. കേരള പോലീസ് വിചാരിച്ചാല്‍ എന്തുംനടക്കും- വി.ഡി സതീശന്‍ പറഞ്ഞു.
തന്നെ പരിഹസിച്ച് മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അധ്യാപകനെ സസ്‌പെന്റ് ചെയ്തതിനെയും അദ്ദേഹം ന്യായീകരിച്ചു. രണ്ട് ദിവസം മാത്രമേ വിരമിക്കാനുള്ളുവെന്ന് അറിയില്ലായിരുന്നു. നാളെ ഇതുപോലെ നിങ്ങളില്‍ ആരെയെങ്കിലും കുറിച്ച് ഇതുപോലെ ചിത്രം പ്രചരിപ്പിച്ചാല്‍ നടപടി എടുക്കാതിരിക്കാനാവുമോ?
കന്റോണ്‍മെന്റ് ഗേറ്റ് അടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡി റെയ്ഡിനെ കുറിച്ച് താന്‍ പ്രതികരിച്ചില്ലെന്ന് വാര്‍ത്തകളോടും അദ്ദേഹം പ്രതികരിച്ചു. താന്‍ എപ്പോള്‍ പ്രതികരിക്കണമെന്ന അവകാശം എങ്കിലും തനിക്കു തരിക. -അദ്ദേഹം അഭ്യര്‍ത്ഥിച്ചു.