Image

രേഖകളില്ലാതെ കടത്തിയത് വജ്രാഭരണവും സ്വർണവിളക്കും; ശ്രീ പത്മനാഭസ്വാമി ക്ഷേത്ര സുരക്ഷയിൽ വൻ അട്ടിമറിയെന്ന് പോലീസ്

Published on 28 May, 2026
രേഖകളില്ലാതെ കടത്തിയത് വജ്രാഭരണവും സ്വർണവിളക്കും; ശ്രീ പത്മനാഭസ്വാമി ക്ഷേത്ര സുരക്ഷയിൽ വൻ അട്ടിമറിയെന്ന് പോലീസ്

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് വകകൾ സൂക്ഷിക്കുന്നതിൽ ഗുരുതര വീഴ്ച്ച ചൂണ്ടിക്കാട്ടിയുള്ള പൊലീസ് റിപ്പോർട്ട് ചൂടേറിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. കഴിഞ്ഞ മാസം ഇൻ്റലിജൻസ് ഡജിപി സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് ക്ഷേത്രസ്വത്തുക്കൾ സൂക്ഷിക്കുന്നതിലുള്ള വീഴ്ചയെപ്പറ്റി ഗുരുതര പരാമർശമുള്ളത്.

ക്ഷേത്ര ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണമായ 'വൈരനാമം' പുറത്ത് കൊണ്ടുപോയി 6 മാസം കഴിഞ്ഞിട്ടും തിരികെ എത്തിച്ചിട്ടില്ലെന്നും ക്ഷേത്രത്തിലെ പലതട്ടുകളുള്ള സ്വർണവിളക്ക് അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞു കൊണ്ടു പോയി പകരം വെള്ളിവിളക്ക് സ്ഥാപിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഈ നടപടി രേഖകളില്ല.

ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണം നഷ്‌ടമായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. 78 ഗ്രാം സ്വർണമാണ് നഷ്‌ടമായതെന്നും ഇതിൽ ചൂണ്ടിക്കാട്ടപ്പെടുന്നു. ക്ഷേത്രസന്ദർശനത്തിനെത്തുന്ന കവടിയാർ കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരും രാജകുടുംബാംഗമായ ആദിത്യ വർമ്മയുടെ അടുപ്പക്കാരുമായ ഗണപതി വി. അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ, കോട്ടുകാൽ ഷൈജു, പദ്‌മേഷ് പരശുരാമൻ, വിമാനക്കമ്പനി ജീവനക്കാരനായ അശോക എന്നിവർ ഒരു പരിശോധനയും കൂടാതെ ക്ഷേത്രത്തിൽ കയറിയിറങ്ങുകയാണെന്നും റിപ്പോർട്ടിലുണ്ട്. സ്ഥാനമാനങ്ങൾ നോക്കാതെ ക്ഷേത്രത്തിൽ എത്തുന്ന എല്ലാവരെയും കർശന സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിന് പുറമേ ക്ഷേത്രത്തിൽ ശ്രീ കോവിൽ സ്വർണം പൂശാൻ പുറത്തെടുത്ത സ്വർണം കാണാതാകുകയും പിന്നീട് കണ്ടെത്തുകയും ചെയ്‌ത സംഭവത്തിൽ ഒരു വർഷമായിട്ടും അന്വേഷണം പൂർത്തിയായില്ല. ക്ഷേത്ര ജീവനക്കാരും സ്വർണപ്പണിക്കാരും ഉൾപ്പെടെ 8 പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി അനുമതി നൽകിയെങ്കിലും ഫോർട്ട് പൊലീസ് തുടർ നടപടി സ്വീകരിച്ചില്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

കഴിഞ്ഞ മേയിലായിരുന്നു സംഭവം. ശ്രീകോവിൽ പതിപ്പിക്കുന്നതിനുള്ള കമ്പികളും തകിടുകളും സഞ്ചിയിലാക്കിയാണ് സ്‌ട്രോങ് റൂമിൽ നിന്ന് നിർമാണം നടത്തുന്ന സ്ഥലത്ത് എത്തിച്ചത്. ഇതിനിടെയാണ് 107 ഗ്രാം (13.25 പവൻ) തൂക്കമുള്ള സ്വർണക്കമ്പി കാണാതായത്. സിസിടിവി പരിശോധിച്ചെങ്കിലും ചിലത് പ്രവർത്തിക്കാത്ത നിലയിലായിരുന്നു.

അടുത്ത ദിവസം മെറ്റൽ ഡിറ്റക്‌ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സ്വർണക്കമ്പി മണലിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. ജീവനക്കാരെയും സ്വർണപ്പണിക്കാരെയും ചോദ്യം ചെയ്‌തതിൽ നിന്നാണ് 8 പേരുടെ പട്ടിക തയാറാക്കി നുണ പരിശോധനയ്ക്ക് അനുമതി തേടിയത്. എന്നാൽ ഫോർട്ട് പൊലീസ് നടപടികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.

ഇതേസമയം ക്ഷേത്രത്തെ സംബന്ധിച്ച പൊലീസ് റിപ്പോർട്ട് അടിസ്ഥാനരഹിതവും ക്ഷേത്രത്തിൻ്റെ പ്രതിഛായയ്ക്കു കളങ്കം വരുത്തുന്നതും ആണെന്നു ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസർ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക