
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിന് എത്തി മടങ്ങിയ ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ പ്രതിയായ സിപിഎം പാളയം ലോക്കൽ സെക്രട്ടറിയും മുൻ കോർപ്പറേഷൻ കൗൺസിലറുമായ ഐ.പി. ബിനു കീഴടങ്ങി.പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ ഇഡി സംഘം സഞ്ചരിച്ച വാഹനത്തിനുനേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. താൻ പൊലീസിൽ പിടികൊടുത്തു എന്ന് പറഞ്ഞ് ബിനു ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു.
ഈ കേസിൽ സിപിഎം പ്രവർത്തകരായ നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ, അമൽ എന്നിവരെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ അമലിനെ കോട്ടയം രാമപുരത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ഐ.പി. ബിനുവിന്റെ കീഴടങ്ങലും ഇന്നത്തെ അറസ്റ്റുകളും കൂടിയായതോടെ കേസിൽ ഇതുവരെ പിടിയിലായവരുടെ ആകെ എണ്ണം എട്ടായി ഉയർന്നു.
കേസുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി നിതിൻരാജ്, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിൻ, നേമം ബ്ലോക്ക് സെക്രട്ടറി ശ്രീജിത്, മേഖലാ കമ്മിറ്റിയംഗം ജീവൻ, കാരവിള യൂണിറ്റ് സെക്രട്ടറി മനോജ് എന്നിവരെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെയാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.