Image

ട്രംപിനെതിരെ പരാതി: എഴുത്തുകാരി ഇ. ജീൻ കാരോളിനെതിരെ ക്രിമിനൽ അന്വേഷണം

Published on 28 May, 2026
  ട്രംപിനെതിരെ പരാതി: എഴുത്തുകാരി ഇ. ജീൻ കാരോളിനെതിരെ   ക്രിമിനൽ അന്വേഷണം


വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ലൈംഗികാതിക്രമത്തിനും മാനനഷ്ടത്തിനും കേസ് കൊടുത്ത് വൻ തുക നഷ്ടപരിഹാരം നേടിയ പ്രമുഖ എഴുത്തുകാരി ഇ. ജീൻ കാരോളിനെതിരെ യു. എസ് നീതിന്യായ വകുപ്പ് ക്രിമിനൽ അന്വേഷണം ആരംഭിച്ചു. ട്രംപിനെതിരെയുള്ള സിവിൽ കേസുകളിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജസത്യവാങ്മൂലം നൽകിയോ എന്ന കാര്യത്തിലാണ് ഫെഡറൽ പ്രോസിക്യൂട്ടർമാർ അന്വേഷണം നടത്തുന്നത്. സി.എൻ.എൻ ആണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. 

രണ്ടു വർഷം മുമ്പ് ട്രംപിനെതിരെയുള്ള മാനനഷ്ടക്കേസിൽ കാരോളിന് കോടതി 583.3 മില്യൺ ഡോളർ നഷ്ടപരിഹാരം വിധിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ അവർക്കെതിരെ പുതിയ നിയമക്കുരുക്ക് രൂപപ്പെടുന്നത്. 2022-ൽ കോടതിക്ക് മുന്നിൽ മൊഴി നൽകിയപ്പോൾ, ട്രംപിനെതിരെയുള്ള തന്റെ നിയമപോരാട്ടങ്ങൾക്ക് വേണ്ടി പുറത്തുനിന്നുള്ള യാതൊരുവിധ സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ലെന്ന് കാരോൾ അവകാശപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ലിങ്ക്ഡ് ഇൻ സഹസ്ഥാപകനും ശതകോടീശ്വരനുമായ റീഡ് ഹോഫ്മാൻ കാരോളിന്റെ നിയമപരമായ ചിലവുകൾക്കായി പണം നൽകിയിട്ടുണ്ടെന്ന് അവരുടെ അഭിഭാഷകർ തന്നെ വെളിപ്പെടുത്തി. കോടതിയിൽ ബോധപൂർവ്വം കള്ളം പറഞ്ഞു എന്ന ആരോപണത്തിലേക്കാണ് ഈ വെളിപ്പെടുത്തൽ ഇപ്പോൾ കാരോളിനെ എത്തിച്ചിരിക്കുന്നത്. ചിക്കാഗോയിലെ ആ എന്ന് അറ്റോർണി ഓഫീസാണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്.


ഡോണൾഡ് ട്രംപ് രണ്ടാം തവണയും അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം, തനിക്കെതിരെ നിന്നവർക്കെതിരെ നീതിന്യായ വകുപ്പിനെ ഉപയോഗിച്ച് പ്രതികാരം വീട്ടുകയാണെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ആരോപിക്കുന്നു. തന്റെ ഇരകൾക്കെതിരെ നീതിന്യായ വകുപ്പിന്റെ അധികാരം ട്രംപ് ദുരുപയോഗം ചെയ്യുകയാണെന്നും ഇത് നിയമവാഴ്ചയ്ക്ക് നേരെയുള്ള കടുത്ത ആക്രമണവും ഇരകളെയൊന്നാകെ അധിക്ഷേപിക്കുന്നതിന് തുല്യവുമാണെന്നും യു.എസ് സെനറ്റർ ആഡം ഷിഫ് പറഞ്ഞു. ഇതിന് മുൻപും ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ, മുൻ എഫ്.ബി.ഐ ഡയറക്ടർ ജെയിംസ് കോമി, ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് എന്നിവർക്കെതിരെയും പുതിയ ഭരണകൂടം സമാനമായ രീതിയിൽ കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. 

മുമ്പ് ഡോണൾഡ് ട്രംപിന്റെ വ്യക്തിഗത അഭിഭാഷകനായി കാരോളിന്റെ കേസ് വാദിച്ചിരുന്ന വ്യക്തിയാണ് നിലവിലെ ആക്ടിങ് അറ്റോർണി ജനറലായ ടോഡ് ബ്ലാഞ്ച്. അതുകൊണ്ടു തന്നെ അദ്ദേഹം ഈ പുതിയ അന്വേഷണത്തിൽ നിന്നും ഔദ്യോഗികമായി മാറിനിൽക്കുകയാണെന്നറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ പ്രാരംഭ അന്വേഷണം മാത്രമാണ് ആരംഭിച്ചിട്ടുള്ളത് എന്നും, കാരോളിനെതിരെ ഔദ്യോഗികമായി കുറ്റപ്രതം സമർപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും പ്രോസിക്യൂഷൻ വൃത്തങ്ങൾ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക