
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മന്ത്രി ഷിബു ബേബി ജോൺ രംഗത്തെത്തി. ഇഡിയെ രാഷ്ട്രീയ ആയുധമായി ബിജെപി ഉപയോഗിക്കുന്നതിനോട് താൻ ഒട്ടും യോജിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യത്തോടെ കേരളത്തിൽ ഇഡി പ്രവർത്തിക്കുകയാണെങ്കിൽ അതിനെ ആർഎസ്പി ശക്തമായി അപലപിക്കുന്നുവെന്നും, ചങ്ങാതിമാർ പിണങ്ങുമ്പോഴാണ് വാശി കൂടുന്നതെന്നും, എന്നാൽ നിലവിൽ എന്ത് കാര്യത്തിനാണ് ഇവർ പിണങ്ങിയതെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പിണറായി വിജയനും കുടുംബത്തിനും ഒന്നും മറയ്ക്കാനില്ലെങ്കിൽ ഇഡിക്ക് മുന്നിൽ തന്റേടത്തോടെ നിൽക്കണമായിരുന്നുവെന്ന് ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു. ഇതിന് പകരം സിപിഎമ്മുകാർ അഴിഞ്ഞാടുകയാണ് ചെയ്തത്. റെയ്ഡ് നടന്നപ്പോൾ കുറ്റം പറയുന്നത് രാഹുൽ ഗാന്ധിയെയാണെന്നും എന്നാൽ മോദിയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയെ തൃപ്തിപ്പെടുത്താനാണ് സിപിഎം രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിൽ സിപിഎം തകരുന്നത് നല്ലതല്ലെന്നും, സിപിഎം തകർന്ന് ബിജെപി വളരുന്ന സാഹചര്യം സംസ്ഥാനത്തിന് ദോഷകരമാണെന്നും ഷിബു ബേബി ജോൺ മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും, സിപിഎമ്മിൽ നിന്ന് താമരയിലേക്ക് ആളുകൾ ചേക്കേറാൻ തയ്യാറാകുന്നുണ്ടെന്നും ചാത്തന്നൂരിലും കഴക്കൂട്ടത്തും അത് തെളിഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ഫലം കൊണ്ട് സിപിഎം തങ്ങളുടെ തെറ്റുകൾ തിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അവർ പാഠം പഠിക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.