
തിരുവനന്തപുരം: ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാമെന്ന് ഇഡിയും മോദിയും വിഡിയും വിചാരിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്തി വേട്ടയാടാൻ അനുവദിക്കില്ലെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. മോദി-വിഡി-ഇഡി ഗൂഢാലോചനയ്‌ക്കെതിരെ എൽഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും കഴിഞ്ഞ ദിവസം നടന്ന എട്ടുമണിക്കൂർ നീണ്ട ഇഡി റെയ്ഡ് വെറുമൊരു നാടകം മാത്രമാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ആർക്ക് വേണ്ടിയായിരുന്നുവെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഇന്ത്യാ സഖ്യത്തിന്റെ കാതൽ എന്താണെന്ന് കോൺഗ്രസും രാഹുലും മറന്നുപോയിരിക്കുകയാണ്. രാജ്യത്തിന്റെ മുഖ്യശത്രു ആർഎസ്എസ് ആണെന്നിരിക്കെ, അവരെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കോൺഗ്രസിന് രാജ്യത്തെ രാഷ്ട്രീയം അറിയാമെങ്കിൽ അവർ ബിജെപിക്ക് വേണ്ടി ഒത്താശ ചെയ്യില്ലായിരുന്നുവെന്നും രാഹുലും കോൺഗ്രസും യഥാർത്ഥത്തിൽ ആരുടെ കൂടെയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും കടുത്ത രാഷ്ട്രീയ വിമർശനമാണ് ബിനോയ് വിശ്വം ഉന്നയിച്ചത്. വി.ഡി. സതീശൻ പേര് മാറ്റി വടശേരി ദാമോദരൻ മേനോൻ സതീശൻ എന്നാക്കിയത് താൻ ബിജെപിയുടെ കൂടെയുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താനാണ്. ഇതിന് പിന്നിൽ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ വഞ്ചനയും കോൺഗ്രസ്-ബിജെപി ബന്ധത്തിന്റെ ഡീലുമുണ്ട്. കേന്ദ്ര ഏജൻസികളും ബിജെപിയും കോൺഗ്രസും ഒന്നിച്ച് വന്നാലും അതിനെ ഒന്നിച്ച് തന്നെ നേരിടും. ഇടതുപക്ഷത്തിന് എന്നും ജനപക്ഷം എന്ന ഒരൊറ്റ പക്ഷം മാത്രമേയുള്ളൂവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.