
ആലപ്പുഴ: കായംകുളത്ത് എൺപതുകാരിയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ കെട്ടിത്താഴ്ത്തിയ കേസിൽ അയൽവാസി പൊലീസിന്റെ പിടിയിലായി. കണ്ടല്ലൂർ സ്വദേശി പ്രകാശനാണ് അന്വേഷണസംഘത്തിന്റെ വലയിലായത്. കണ്ടല്ലൂർ സ്വദേശിനി തങ്കമ്മയുടെ (80) മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെയാണ് കനകക്കുന്ന് ജെട്ടിക്ക് സമീപത്തുനിന്ന് കണ്ടെത്തിയത്. കൈകാലുകൾ കയറുകൊണ്ട് കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
വീട്ടിൽ തനിച്ചു താമസിക്കുകയായിരുന്ന തങ്കമ്മയെ ആഭരണങ്ങൾ കവരാനുള്ള ശ്രമത്തിനിടെ പ്രതി ബോധരഹിതയാക്കുകയായിരുന്നു. തുടർന്ന് ഇവർ മരിച്ചെന്ന ധാരണയിൽ തെളിവ് നശിപ്പിക്കുന്നതിനായി കായലിൽ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വയോധികയെ കാണാനില്ലെന്ന് കാണിച്ച് രണ്ടു ദിവസം മുൻപ് ബന്ധുക്കൾ കനകക്കുന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കായലിൽ മീൻപിടുത്തക്കാർ മൃതദേഹം കണ്ടെത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ആറുപേരെ ചോദ്യം ചെയ്തതിൽ നിന്നാണ് യഥാർത്ഥ പ്രതിയിലേക്ക് പൊലീസ് എത്തിയത്.
ഇൻക്വസ്റ്റ് നടപടികൾക്കിടയിൽ തങ്കമ്മയുടെ ശരീരത്തിൽ ആഭരണങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നതാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയത്. സാധാരണയായി വയോധിക കഴുത്തിൽ മാലയും കൈകളിൽ അഞ്ച് വളകളും മോതിരവും കമ്മലും ധരിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. തങ്കമ്മയുടെ മകനും കുടുംബവും മറ്റൊരു വീട്ടിലും, വിവാഹിതയായ മകൾ ഭർതൃവീട്ടിലുമാണ് താമസം. ഒറ്റയ്ക്ക് താമസിക്കുന്ന സാഹചര്യം മുതലെടുത്താണ് അയൽവാസിയായ പ്രകാശൻ മോഷണത്തിനും കൊലപാതകത്തിനും മുതിർന്നത്. മൂന്ന് ടീമുകളായി തിരിഞ്ഞ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് കനകക്കുന്ന് പൊലീസ് പ്രതിയെ കുടുക്കിയത്.