
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ രാജ്യസഭയിലേക്കില്ലെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ. ഹൈക്കമാൻഡ് മുന്നോട്ടുവെച്ച ഓഫറുകൾ സ്നേഹത്തോടെ നിരസിക്കുകയാണെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരാനാണ് തനിക്ക് താല്പര്യമെന്നും അദ്ദേഹം പ്രതികരിച്ചു. ഗവർണർക്ക് രാജി സമർപ്പിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാൻ താൽപ്പര്യമില്ലെന്ന കാര്യം അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞത്. "ഹൈക്കമാൻഡ് ആവശ്യപ്പെടുമ്പോൾ രാജിവെക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. രണ്ടു ദിവസം മുൻപ് അവർ എന്നോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു, അതിനാൽ ഞാൻ രാജി സമർപ്പിച്ചു" എന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
ദിവസങ്ങൾ നീണ്ടുനിന്ന കടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി പദം ഒഴിഞ്ഞത്. ഇതോടെ ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയാകും. ജാതി സമവാക്യങ്ങൾ സന്തുലിതമായി നിലനിർത്താൻ പുതിയ മന്ത്രിസഭയിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചനകൾ. കർണാടകയിൽ ഡി.കെ. ശിവകുമാറുമായുള്ള അധികാരത്തർക്കം പരിഹരിക്കുന്നതിനൊപ്പം, രാഹുൽ ഗാന്ധിയുടെ സാമൂഹിക നീതി കാമ്പെയിന് കരുത്തു പകരാൻ ഒ.ബി.സി വിഭാഗത്തിലെ മുതിർന്ന നേതാവായ സിദ്ധരാമയ്യയെ ദേശീയ തലത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാൻഡ് രാജ്യസഭാ സീറ്റും പാർട്ടിയിൽ ഉന്നത പദവിയും വാഗ്ദാനം ചെയ്തത്.
എന്നാൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തനിക്ക് താല്പര്യമില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയതോടെ ഹൈക്കമാൻഡിന്റെ ഒത്തുതീർപ്പ് ഫോർമുല പൂർണ്ണമായും വിജയിച്ചിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ തനിക്കുള്ള സ്വാധീനം വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറല്ലെന്ന സൂചനയാണ് ഈ നിലപാടിലൂടെ വ്യക്തമാകുന്നത്. അതേസമയം, കർണാടക കോൺഗ്രസിൽ ഭിന്നതകളുണ്ടെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ സിദ്ധരാമയ്യ വാർത്താസമ്മേളനത്തിൽ പൂർണ്ണമായി തള്ളിപ്പറഞ്ഞു.