
ഭോപ്പാല്‍: മരുമകളും അഭിഭാഷകയുമായ ട്വിഷ ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ട സ്ത്രീധന പീഡനക്കേസില്‍ മുന്‍ ജില്ലാ ജഡ്ജി ഗിരിബാല സിങ്ങ് അറസ്റ്റില്‍. മധ്യപ്രദേശ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനു തൊട്ടുപിന്നാലെയാണ് ഇവരെ സിബിഐ അറസ്റ്റു ചെയ്തത്. ഭോപ്പാലിലെ ബാഗ് മുഗളിയ എക്സ്റ്റന്‍ഷനിലെ ഗിരിബാല സിങ്ങിന്റെ വസതിയില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് സിബിഐ ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മറ്റൊരു പ്രതിയും ഗിരിബാലയുടെ മകനും അഭിഭാഷകനുമായ സമര്‍ഥ് സിങ് നിലവില്‍ സിബിഐ കസ്റ്റഡിയിലാണ്.
കഴിഞ്ഞ മേയ് 12 നാണ് ട്വിഷ ശര്‍മയെ ഭോപ്പാലിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെത്തുടർന്ന് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഗിരിബാല സിങ്ങിനും മകനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ട്വിഷ മരിച്ച് രണ്ടു ദിവസത്തിനുശേഷം മേയ് 15 ന് ഭോപ്പാലിലെ സെഷന്‍സ് കോടതി ഗിരിബാല സിങ്ങിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ഈ വിചാരണക്കോടതി ഉത്തരവിനെതിരെ ഉയർന്ന ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതി ബുധനാഴ്ച ജാമ്യം റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടത്. കേസിന്റെ വസ്തുതകളും ഗിരിബാല സിങ്ങിനെതിരായ ആരോപണങ്ങളും കണക്കിലെടുത്ത് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അനുവദിച്ച മുന്‍കൂര്‍ ജാമ്യം നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ട്വിഷ ഭര്‍തൃവീട്ടില്‍ കടുത്ത മാനസിക-ശാരീരിക പ്രതിസന്ധിയിലായിരുന്നുവെന്നും, മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു ശേഷം പ്രതി തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചെന്നും പ്രൊസിക്യൂഷനും കുടുംബത്തിന്റെ അഭിഭാഷകരും കോടതിയില്‍ വാദിച്ചു. കേസിന്റെ ഗൌരവകരമായ സാഹചര്യങ്ങളും ആരോപണങ്ങളും പരിഗണിച്ച്, മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് വിചാരണക്കോടതി തെളിവുകള്‍ കൂടുതൽ ജാഗ്രതയോടെ പരിശോധിക്കണമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. നേരത്തെ മേയ് 13 ന് പൊലീസ് പ്രതിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് മുൻ ജഡ്ജിയുടെ അറസ്റ്റിലേക്ക് സിബിഐ നീങ്ങിയത്.