Image

'ഇവിടേം തയ്ച്ചുവെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും'; കര്‍ണാടകയിലെ ഭരണമാറ്റത്തിൽ കോൺഗ്രസിനെ പരിഹസിച്ച് വി. ശിവൻകുട്ടി

Published on 28 May, 2026
'ഇവിടേം തയ്ച്ചുവെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും'; കര്‍ണാടകയിലെ ഭരണമാറ്റത്തിൽ കോൺഗ്രസിനെ പരിഹസിച്ച് വി. ശിവൻകുട്ടി

തിരുവനന്തപുരം: കര്‍ണാടകയില്‍ ദീര്‍ഘനാൾ നീണ്ടുനിന്ന തർക്കങ്ങൾക്കൊടുവിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ, കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് മുൻമന്ത്രി വി. ശിവൻകുട്ടി. 'കര്‍ണാടകയില്‍ ഡി.കെ.... ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും' എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിലും സമാനമായ രീതിയിൽ അധികാരത്തർക്കവും ഭരണമാറ്റവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന പരോക്ഷ സൂചന നൽകിയാണ് വി. ശിവൻകുട്ടിയുടെ ഈ ട്രോൾ പോസ്റ്റ്. കേരളത്തിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളെ ലക്ഷ്യം വെച്ചാണ് മുൻമന്ത്രിയുടെ ഈ പരിഹാസം.

​ഹൈക്കമാൻഡിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചത്. മുഖ്യമന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടാമെന്ന മുൻധാരണ പ്രകാരം പദവി ഒഴിയാൻ സിദ്ധരാമയ്യ ആദ്യം തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് ഡി.കെ. ശിവകുമാർ അനുകൂലികൾ ഡൽഹിയിലെത്തി സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനമായത്. സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റും കേന്ദ്രത്തിൽ ഉന്നത പദവിയും മകന് ഡി.കെ. മന്ത്രിസഭയിൽ സ്ഥാനവും വാഗ്ദാനം ചെയ്തുള്ള ഒത്തുതീർപ്പ് ഫോർമുലയിലാണ് കർണാടകയിലെ പ്രതിസന്ധി പരിഹരിക്കപ്പെട്ടത്.

​കർണാടകയിലെ ഈ രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തിൽ, കേരളത്തിലും സമാനമായ അവസ്ഥയുണ്ടാകുമെന്നാണ് ശിവൻകുട്ടി മുന്നറിയിപ്പ് നൽകുന്നത്. ഏറെ നീണ്ട സസ്പെൻസിനൊടുവിലാണ് കേരളത്തിൽ വി.ഡി. സതീശനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി നിശ്ചയിച്ചത്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പദത്തിനായി അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു. നിലവിൽ വി.ഡി. സതീശന് മുഖ്യമന്ത്രി പദവി നൽകുമ്പോൾ ഹൈക്കമാൻഡ് സമാനമായ രീതിയിൽ എന്തെങ്കിലും അധികാര പങ്കാളിത്ത കരാർ ഉണ്ടാക്കിയിട്ടുണ്ടോ എന്ന ചർച്ചകൾക്ക് ശിവൻകുട്ടിയുടെ പോസ്റ്റ് വഴിതുറന്നിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക