
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലും മറ്റ് സ്ഥലങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനെതിരെ കേസെടുത്ത് പോലീസ്.
മാര്‍ച്ചില്‍ പങ്കെടുത്ത സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ജില്ലാ സെക്രട്ടറി എസ്. സതീഷ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുണ്‍ കുമാര്‍, മുന്‍ എംഎല്‍എ കെ.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) സെക്ഷന്‍ 173 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍, ബിഎന്‍എസ് 189(2), 191(2), 190, 285 വകുപ്പുകളും 2011-ലെ കേരള പബ്ലിക് വേയ്സ് ആക്ട് സെക്ഷന്‍ 6 ഉം ചുമത്തിയിട്ടുണ്ട്.