
ഹോർമുസ് കടലിടുക്കിന്റെ മേൽ ഇറാനു നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്നു പ്രസിഡന്റ് ട്രംപ് ബുധനാഴ്ച്ച വ്യക്തമാക്കി. ഹോർമുസ് നിയന്ത്രിക്കാൻ യുഎസ് അനുവദിച്ചെന്ന ഇറാന്റെ അവകാശവാദം അദ്ദേഹം തള്ളി.
"അത്തരം കരാറൊന്നും ഉണ്ടാവില്ല, ഹോർമുസ് എല്ലാവർക്കും തുറന്നു കിടക്കുന്ന അന്താരാഷ്ട്ര കപ്പൽ പാതയാണ്," ട്രംപ് ക്യാബിനറ്റ് യോഗത്തിൽ വ്യക്തമാക്കി.
ഇറാൻ അണ്വായുധം നിർമിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു.
ഹോർമുസ് നിയന്ത്രണം ഇറാനു നൽകുന്ന കരാറാണ് വരുന്നതെന്ന് ഇറാൻ വാർത്താ ഏജൻസികൾ ബുധനാഴ്ച്ച പറഞ്ഞിരുന്നു. ഇറാനു സമീപത്തു നിന്നു യുഎസ് സൈന്യം പിൻവാങ്ങുമെന്നും യുഎസ് നാവിക ഉപരോധം തീരുമെന്നും നിർദിഷ്ട കരാറിൽ വ്യവസ്ഥയുണ്ടെന്നു അവർ അവകാശപ്പെടുകയും ചെയ്‌തു.
ഹോർമുസിന്റെ നിയന്ത്രണം ഇറാൻ ആവശ്യപ്പെട്ടിരുന്നു എന്നു ട്രംപ് സമ്മതിച്ചു. എന്നാൽ അത് അനുവദിക്കില്ല.
വീണ്ടും ആക്രമണം നടത്തി
ഇറാനെതിരെ വീണ്ടും യുദ്ധം ആരംഭിക്കാൻ യുഎസിനു തടസമൊന്നും ഇല്ലെന്നു ട്രംപ് ചൂണ്ടിക്കാട്ടി. ഇറാനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആക്രമണങ്ങളെ അദ്ദേഹം ന്യായീകരിച്ചു.
ബുധനാഴ്ച്ച രാത്രി ഇറാനിൽ ഒരു സൈനിക കേന്ദ്രം ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നു സെന്റ്‌കോം പറഞ്ഞു. ആ കേന്ദ്രം യുഎസ് സേനയ്ക്കും ഹോർമുസിലെ ഗതാഗതത്തിനും ഭീഷണി ഉയർത്തുന്നു എന്ന് വ്യക്തമായതിനെ തുടർന്നാണ് ബന്ദർ അബ്ബാസ് തുറമുഖത്തിനു സമീപം ആക്രമണം നടത്തിയത്.
അതിനു മുൻപായി ഇറാന്റെ വിപ്ലവ സേന ഐ ആർ ജി സി ഹോർമുസ് കടക്കാൻ ശ്രമിച്ച ഒരു യുഎസ് ടാങ്കറിനു നേരെ വെടിവച്ചുവെന്നു അവരുടെ തസ്‌നിം ന്യൂസ് ഏജൻസി പറഞ്ഞു. അതേ തുടർന്നു യുഎസ് ബന്ദർ അബ്ബാസിൽ കനത്ത ആക്രമണം നടത്തിയെന്നും തസ്‌നീം സ്ഥിരീകരിച്ചു.
യുഎസ് സൈന്യം ഇറാന്റെ സൈനിക ശേഷി പൂർണമായി തകർത്തുവെന്നു ട്രംപ് അവകാശപ്പെട്ടു. "അതു കൊണ്ടാണ് അവർ ചർച്ചയ്ക്കു തിരിച്ചെത്തിയത്."
യുഎസ് ഇപ്പോൾ റഷ്യയും സൗദി അറേബ്യയും ചേർന്നു ഉത്പാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ എണ്ണ വിപണിയിൽ എത്തിക്കുന്നുണ്ടെന്നു ട്രംപ് പറഞ്ഞു. വെനസ്വേലൻ എണ്ണയും വിപണിയിൽ എത്തിക്കുന്നുണ്ട്. "അതു കൊണ്ട് വില വളരെ വേഗത്തിൽ കുറയും.
ഇറാനുമായുള്ള ധാരണയിൽ അബ്രഹാം കരാറുകൾ പ്രധാനമാവുമെന്നു ട്രംപ് വ്യക്തമാക്കി. അറബ്, മുസ്ലിം രാജ്യങ്ങൾ കരാറിൽ ഒപ്പിടുമ്പോൾ ഇസ്രയേലിനെ അംഗീകരിക്കയും അവരുമായി നല്ല ബന്ധം സ്ഥാപിക്കയും ചെയ്യും. മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനത്തിനു അത് അത്യാവശ്യമാണ്.
Iran won’t control Hormuz Strait: Trump