Image

രോഗിയുമായി ലൈംഗികബന്ധം; യുകെയിൽ ഇന്ത്യൻ വംശജനായ പ്രമുഖ ന്യൂറോ സർജനെതിരെ നടപടി

Published on 27 May, 2026
രോഗിയുമായി ലൈംഗികബന്ധം; യുകെയിൽ ഇന്ത്യൻ വംശജനായ പ്രമുഖ ന്യൂറോ സർജനെതിരെ നടപടി

ലണ്ടൻ: ചികിത്സ തേടിയെത്തിയ യുവതിയുമായി ലൈംഗികബന്ധം പുലർത്തുകയും അവർക്ക് ചട്ടങ്ങൾ ലംഘിച്ച് ലഹരി സ്വഭാവമുള്ള ശക്തമായ വേദനസംഹാരികൾ നൽകുകയും ചെയ്ത കേസിൽ യുകെയിലെ പ്രമുഖ ഇന്ത്യൻ വംശജനായ ന്യൂറോ സർജൻ ഡോ. ചിരാഗ് പട്ടേലിനെ മെഡിക്കൽ ട്രൈബ്യൂണൽ എട്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. കാർഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിൽ കൺസൾട്ടന്റായി ജോലി ചെയ്തിരുന്ന ഡോക്ടർക്കെതിരെയാണ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രൈബ്യൂണൽ സർവീസ്   കർശന നടപടി സ്വീകരിച്ചത്. ഡോക്ടര്‍ കുറ്റം ഏറ്റുപറയുകയും പശ്ചാത്തപിക്കുകയും ചെയ്തതിനാല്‍ ഡോക്ടറുടെ ലൈസന്‍സ് പൂര്‍ണ്ണമായി റദ്ദാക്കണമെന്ന് ആവശ്യം കോടതി അംഗീകരിച്ചില്ല.

2019 ഫെബ്രുവരിയിൽ യുവതിയുടെ നട്ടെല്ലിലെ ഡിസ്ക് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ഡോ. ചിരാഗായിരുന്നു. തുടർന്ന് അതേ വർഷം ഓഗസ്റ്റിൽ രണ്ടാമതും ശസ്ത്രക്രിയ നടത്തി.  ഈ ചികിത്സാ കാലയളവിനിടയിലാണ് ഇരുവരും തമ്മിൽ വ്യക്തിപരമായ ബന്ധം ആരംഭിക്കുന്നതും അത് ലൈംഗികബന്ധത്തിലേക്ക് വഴിമാറുന്നതും.  

രോഗിക്ക് വേദന സംഹാരിയായ മയക്കു മരുന്നുകളോട് അഡിക്ഷനുള്ളതായി മനസിലാക്കിയ ഡോക്ടര്‍ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇവര്‍ക്ക് മോര്‍ഫിന്‍ സള്‍ഫേറ്റ് അടക്കമുള്ള ശക്തമായ ഒപ്പിയോയിഡ് വേദനസംഹാരികള്‍ നല്‍കിയെന്നു കണ്ടെത്തി. ഏകദേശം 2023 ജനുവരി വരെ ഈ ബന്ധവും മയക്കുമരുന്ന് നല്‍കലും തുടര്‍ന്നു. ഈ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും രോഗിയുടെ ഔദ്യോഗിക മെഡിക്കല്‍ റെക്കോര്‍ഡുകളില്‍ ഡോക്ടര്‍ രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ 2023 ഫെബ്രുവരിയോടെ ഇവര്‍ തമ്മിലുള്ള ബന്ധം വഷളാകുകയും സ്ത്രീ ഈ വിവരങ്ങള്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ആരോഗ്യ ബോര്‍ഡിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 

വിചാരണക്കിടെ ഡോ. ചിരാഗ് പട്ടേല്‍ താന്‍ ചെയ്ത തെറ്റുകള്‍ സമ്മതിച്ചു. രോഗിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചിരുന്നതായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും സമ്മതിച്ചു. തന്റെ ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിട്ട സമയത്താണ് ഈ ബന്ധം തുടങ്ങിയതെന്നും പിന്നീട് ഇത് അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ കരിയറും കുടുംബവും തകര്‍ക്കുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നതായും ഡോക്ടര്‍ വാദിച്ചു. ബ്ലാക്ക്‌മെയിലിംഗിന് ഇരയായതിനാലാണ് ബന്ധം തുടര്‍ന്നതെന്നും ഭയം കാരണമാണ് മയക്കുമരുന്നുകള്‍ നല്‍കിയതെന്നും ഇദ്ദേഹത്തിന്റെ  അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു

 ജനറൽ മെഡിക്കൽ കൗൺസിൽ ഡോക്ടറെ മെഡിക്കൽ രജിസ്റ്ററിൽ നിന്ന് സ്ഥിരമായി പുറത്താക്കണമെന്ന് വാദിച്ചെങ്കിലും, ഡോക്ടറുടെ മുൻകാല സേവനങ്ങളും അദ്ദേഹം  ഖേദം  പ്രകടിപ്പിച്ചതും  കണക്കിലെടുത്ത് എട്ടുമാസത്തെ സസ്പെൻഷനിൽ നടപടി ഒതുക്കുകയായിരുന്നു.  

ന്യൂറോപാത്തിക് വേദനയുമായി ബന്ധപ്പെട്ട അതിസങ്കീർണ്ണമായ ചില ശസ്ത്രക്രിയകൾ നടത്താൻ എൻഎച്ച്എസ് (NHS) വെയിൽസിൽ യോഗ്യതയുള്ള ഏക സർജനായ  ഡോ. ചിരാഗ് പട്ടേലിനെ  പൂർണ്ണമായി പുറത്താക്കുന്നത് രോഗികളെ സാരമായി ബാധിക്കുമെന്ന വാദവും ട്രൈബ്യൂണൽ വിലയിരുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക