
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുകയായിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അടിയന്തര വിശദീകരണം തേടി. സംഭവത്തെത്തുടർന്ന് ഡിജിപി ഗവർണറെ ഫോണിൽ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു.
ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തി മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പോലീസിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ഗവർണർ ഇടപെട്ടത്.
ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി സംഘത്തിന് നേരെ സിപിഎം പ്രവർത്തകർ അക്രമാസക്തരായി പാഞ്ഞടുക്കുകയായിരുന്നു. വടികളും ഇഷ്ടികയും ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തകർത്തു. ആക്രമണത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേൽക്കുകയും മൂന്ന് വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇഡി സംഘം തമ്പാനൂർ പോലീസ് സ്റ്റേഷനിലെത്തി ഔദ്യോഗികമായി മൊഴി നൽകി.
അക്രമത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ പോലീസ് നടത്തിയ നീക്കങ്ങൾക്കൊടുവിൽ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ പാർട്ടി ഓഫീസിൽ ഒളിച്ചിരിക്കുകയാണെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സംഘം അവിടെ എത്തിയെങ്കിലും തുടക്കത്തിൽ നേതാക്കൾ പ്രവേശനം തടഞ്ഞു. പിന്നീട് എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പ്രതികളെ പിടികൂടാനായത്.