
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണ ( എസ്ഐആർ) നടപടി ശരിവെച്ച് സുപ്രീംകോടതി. എസ്ഐആർ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്ന ഒന്നാണെന്നും, കൃത്യവും സമഗ്രവുമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും സുപ്രീംകോടതി. എസ്ഐആർ നടപടി നിലവിലുള്ള നിയമങ്ങളോ ഭരണഘടനാ വ്യവസ്ഥകളോ ലംഘിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
എസ്ഐആർ നടപടികൾ ഭരണഘടനയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി. എസ്ഐആർ എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹർജിക്കാരും പ്രതിപക്ഷവും ഉയർത്തിയ തടസ്സവാദങ്ങൾ തള്ളി കളഞ്ഞ് കൊണ്ടാണ് കോടതി വിധി.