Image

എബോള ബാധിച്ചവരെ കെനിയയിലേക്കു അയച്ചു ചികിൽസിക്കാൻ ട്രംപ് ഭരണകൂടം (പിപിഎം)

Published on 27 May, 2026
 എബോള ബാധിച്ചവരെ കെനിയയിലേക്കു അയച്ചു ചികിൽസിക്കാൻ ട്രംപ് ഭരണകൂടം (പിപിഎം)

എബോള വൈറസ് ബാധിക്കാൻ സാധ്യതയുള്ളവരെ കെനിയയിലേക്കു അയക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ട്. അവരെ യുഎസിൽ കൊണ്ടുവന്നു നിരീക്ഷണത്തിൽ വയ്ക്കാൻ ഉദ്ദേശമില്ലെന്നു 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ടിൽ പറഞ്ഞു.

മുൻ ഭരണകൂടങ്ങൾ വൈറസ് വ്യാപനം ഉണ്ടാവുമ്പോൾ രോഗം ബാധിച്ചെന്നു സംശയിക്കുന്നവരെ കൊണ്ടുവന്നു നിരീക്ഷിക്കയും ശുശ്രൂഷിക്കയുമാണ് ചെയ്തു വന്നത്. എബോള ലക്ഷണങ്ങൾ കണ്ടതോടെ ഈ മാസം ഒരു ഡോക്ടറെ ട്രംപ് ഭരണകൂടം ജർമനിയിലേക്ക് അയച്ചിരുന്നു. മറ്റു ആറു പേരെ നിരീക്ഷണത്തിനായി ജർമനി, ചെക്ക് റിപ്പബ്ലിക്ക് എന്നിവിടങ്ങളിലേക്ക് അയച്ചു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള വ്യാധി ആയിരത്തിലധികം പേരെ ബാധിച്ചെന്നാണ് റിപ്പോർട്ട്.

ട്രംപ് ഭരണകൂടം ആരോഗ്യ രക്ഷാ ചെലവുകൾ കുറച്ചതോടെ സുപ്രധാന രോഗ നിരീക്ഷണ സംവിധാനങ്ങൾ പലതും ഇല്ലാതായി. അവ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ വേഗത്തിൽ രോഗം കണ്ടെത്തുകയും പകർച്ചവ്യാധി നിയന്ത്രിക്കയും ചെയ്യാൻ കഴിയുമായിരുന്നു.  

കഴിഞ്ഞ 21 ദിവസത്തിനിടയിൽ കോംഗോ, യുഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ പോയ കുടിയേറ്റക്കാർക്കും നിയമാനുസൃത സ്ഥിര താമസക്കാർക്കും യുഎസിൽ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ പുതിയ പദ്ധതി അനുസരിച്ചു എബോള ബാധിക്കാൻ ഇടയുള്ളവർ യുഎസ് പൗരന്മാർ ആയാലും രാജ്യത്തു പ്രവേശിക്കാൻ അനുവദിക്കില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കെനിയയിൽ എബോള ബാധിച്ച യുഎസ് പൗരന്മാർക്ക് ചികിത്സ നൽകാൻ ഏതാനും പബ്ലിക് ഹെൽത്ത് ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചു അവിടേക്കു അയക്കുന്നുണ്ട്.

കെനിയയിൽ ഉള്ള അമേരിക്കക്കാരെ യൂറോപ്പിൽ കൊണ്ടു പോയി ചികിൽസിക്കുക എന്ന ആശയം ആയിരുന്നു ആദ്യം. ഇപ്പോൾ കെനിയയിൽ തന്നെ ചികിൽസിക്കാം എന്നായി.

എബോള ബാധിച്ച 50% പേർ വരെ മരണം നേരിടുന്നുണ്ട്.

US to send Americans exposed to Ebola to Kenya

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക