
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് അവസാനിച്ചുവെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ അങ്ങനെ സന്തോഷിക്കേണ്ട കാര്യമില്ലെന്നും എല്‍ഡിഎഫ് ശക്തമായി തിരിച്ചുവരുമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് കെജിഒഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.
'ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ആ പരാജയം ഞങ്ങള്‍ അംഗീകരിക്കുന്നു. ഈ പരാജയത്തോട് കൂടി എല്‍ഡിഎഫ് ആകെ അവസാനിച്ചുപോയി എന്ന് ചിലര്‍ കരുതുന്നുണ്ട്. അങ്ങനെ സന്തോഷിക്കേണ്ട കാര്യമില്ല. എന്തുകൊണ്ട് ജനം മാറ്റി നിര്‍ത്തി എന്ന കാര്യം പാര്‍ട്ടി വിശദമായി പരിശോധിച്ചുവരികയാണ്. ഞങ്ങള്‍ക്കുണ്ടായ ദൗര്‍ബല്യങ്ങളോ, തെറ്റുകളോ അതെല്ലാം കൃത്യമായി കണ്ടെത്തുകയും അതിന്റെ ഭാഗമായുള്ള തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങള്‍ ഇതില്‍ കണ്ടിട്ടുള്ളത്. എല്‍ഡിഎഫ് ശക്തമായി തന്നെ തിരിച്ചുവരും എന്നതാണ് നാം കാണേണ്ടത്' പിണറായി പറഞ്ഞു.