Image

കെഎസ്ആർടിസി മിന്നൽ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സഹയാത്രക്കാരൻ അറസ്റ്റിൽ

Published on 26 May, 2026
കെഎസ്ആർടിസി മിന്നൽ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സഹയാത്രക്കാരൻ അറസ്റ്റിൽ

ഹരിപ്പാട്: കെഎസ്ആർടിസി മിന്നൽ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തലശ്ശേരി സ്വദേശി ഷെബീർ (41) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. പാലക്കാട്-തിരുവനന്തപുരം റൂട്ടിലോടുന്ന ബസിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

പാലക്കാട് സ്വദേശിനിയായ യുവതി ബസിൽ യാത്ര ചെയ്യവേ, കൊച്ചിയിൽ നിന്നും കയറിയ പ്രതി ഇവർക്ക് പിന്നിലെ സീറ്റിലാണ് ഇരുന്നത്. ബസ് ഹരിപ്പാടിന് സമീപമെത്തിയപ്പോൾ സീറ്റിന് പിന്നിലൂടെ കൈയിട്ട് യുവതിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ ഞെട്ടിയ യുവതി ഉച്ചത്തിൽ ബഹളം വെച്ചതോടെ പ്രതി മാപ്പപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.

 എന്നാൽ, ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് ബസ് നേരെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കൊണ്ടുപോവുകയും പ്രതിയെ പൊലീസിന് കൈമാറുകയുമായിരുന്നു. യുവതി നൽകിയ പരാതിയിൽ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ്, ഷെബീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക