
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ മുൻകൈയെടുത്ത് നടനും എം.എൽ.എയുമായ രമേഷ് പിഷാരടി. വിവാദങ്ങളിൽ ഉൾപ്പെട്ട അൻസിബ, ടിനി ടോം എന്നിവരുമായി ഫോണിൽ സംസാരിച്ചതായും പ്രസിഡന്റ് ശ്വേത മേനോനെ നേരിൽക്കണ്ട് ചർച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു. സംഘടനയിലെ പ്രശ്നങ്ങൾ ആഭ്യന്തരമായി ചർച്ച ചെയ്ത് എത്രയും വേഗം പരിഹരിക്കണമെന്നും, പൊതുസമൂഹത്തിന് മുന്നിൽ സംഘടനയെ ആളുകൾ പറഞ്ഞു ചിരിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കരുതെന്നും താൻ മൂവരോടും ആവശ്യപ്പെട്ടതായി രമേഷ് പിഷാരടി വ്യക്തമാക്കി.
താൻ മാറിനിന്ന സീറ്റിലേക്കാണ് ഒരു സ്ത്രീ ഭാരവാഹി വരണമെന്ന ആഗ്രഹത്തോടെ അൻസിബയെ കൊണ്ടുവന്നതെന്ന് ഓർമ്മിപ്പിച്ച പിഷാരടി, മുതിർന്ന ഭാരവാഹികളുടെ സഹായത്തോടെ എത്രയും പെട്ടെന്ന് ഒരു ആഭ്യന്തര യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ യോഗത്തിൽ കൃത്യമായ നീതി നടപ്പാക്കണമെന്നാണ് ഭാരവാഹികളോട് നിർദ്ദേശിച്ചിട്ടുള്ളത്. വെറും അഞ്ഞൂറോളം അംഗങ്ങൾ മാത്രമുള്ള ഒരു ചെറിയ സംഘടനയിലെ തർക്കങ്ങൾ പരസ്യ ഡിജിറ്റൽ ഉള്ളടക്കങ്ങളാക്കി മാറ്റുന്നത് ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു റസിഡന്റ്സ് അസോസിയേഷനിലെ അത്രയും പോലും ആളുകളില്ലാത്ത സംഘടനയാണ് 'അമ്മ'യെങ്കിലും സിനിമാ സംഘടന എന്ന നിലയിൽ വലിയ മാധ്യമശ്രദ്ധ ഇതിന് ലഭിക്കുന്നുണ്ടെന്ന് പിഷാരടി ചൂണ്ടിക്കാട്ടി. മറ്റേത് സംഘടനകളിലും അംഗങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും 'അമ്മ'യ്ക്ക് ലഭിക്കുന്ന അമിത മാധ്യമശ്രദ്ധ കാരണമാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാകുന്നത്. വളരെ എളുപ്പത്തിൽ തീർക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണിതെന്നും, ഇനി ഈ വിഷയങ്ങൾ പൊതുസ്ഥലത്തോ മാധ്യമങ്ങളിലോ കൂടുതൽ ചർച്ചയാക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.