Image

താരസംഘടനയിൽ പ്രതിസന്ധി രൂക്ഷം: അംഗങ്ങൾക്ക് പരസ്യ പ്രതികരണ വിലക്കുമായി 'അമ്മ'

Published on 26 May, 2026
താരസംഘടനയിൽ പ്രതിസന്ധി രൂക്ഷം: അംഗങ്ങൾക്ക് പരസ്യ പ്രതികരണ വിലക്കുമായി 'അമ്മ'

കൊച്ചി: ഭിന്നതകളും തർക്കങ്ങളും രൂക്ഷമാകുന്നതിനിടെ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രതികരണം നടത്തുന്നതിന് അംഗങ്ങൾക്ക് വിലക്കേർപ്പെടുത്തി താരസംഘടനയായ 'അമ്മ'. സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ ജനറൽ ബോഡിയിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും, ഇനി മുതൽ പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ അല്ലാതെ മറ്റ് അംഗങ്ങളാരും സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കി. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രസിഡന്റിന്റെ ഈ നിർണായക പ്രതികരണം.

​അംഗങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പരാതികളോ സംശയങ്ങളോ ഉണ്ടെങ്കിൽ സംഘടനയുടെ ഓഫീസിലേക്ക് വരാവുന്നതാണെന്നും അവിടെ എല്ലാവർക്കും സ്വാഗതമാണെന്നും ശ്വേത മേനോൻ പറഞ്ഞു. തന്റേയും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റെയും ഫോൺ നമ്പറുകൾ എല്ലാ അംഗങ്ങളുടെ പക്കലുമുണ്ട്. ഭിന്നതകൾ തെരുവിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും, അമ്മയിൽ എന്തുണ്ടെങ്കിലും അത് ജനറൽ ബോഡിയിൽ മാത്രമേ സംസാരിക്കുകയുള്ളൂവെന്നും ശ്വേത കൂട്ടിച്ചേർത്തു. സംഘടനയുടെ ഐക്യം തകർക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഒഴിവാക്കാനാണ് പുതിയ തീരുമാനമെന്നാണ് സൂചന.

​അതേസമയം, സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ നിയമപോരാട്ടങ്ങളിലേക്ക് നീങ്ങുന്നതായാണ് വിവരം. നടൻ ടിനി ടോമിനെതിരെ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുൻ എക്സിക്യൂട്ടീവ് അംഗം അൻസിബ അറിയിച്ചു. ഇനി 'അമ്മ'യിൽ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും, അതിനാൽ പൊലീസിനും ആഭ്യന്തരമന്ത്രിക്കും നേരിട്ട് പരാതി നൽകുമെന്നും അൻസിബ വ്യക്തമാക്കി. തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ച് മാനസികമായി പീഡിപ്പിച്ച തൃപ്പൂണിത്തുറ ഹിൽപാലസ് വനിതാസെൽ സി.ഐക്കെതിരെയും നിയമപരമായി നീങ്ങുമെന്നും അൻസിബ കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക