
തിരുവനന്തപുരം: പീഡനക്കേസിൽ പെരുമ്പാവൂർ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിയെ നെയ്യാറ്റിൻകര കോടതി കുറ്റവിമുക്തനാക്കി. കേസിന്റെ വിചാരണ ഘട്ടത്തിൽ പരാതിക്കാരിയായ യുവതി മുൻപ് നൽകിയ മൊഴി പൂർണ്ണമായി മാറ്റിയതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർണായക ഉത്തരവ്. കേട്ടുകേൾവികളുടെയും തെറ്റിദ്ധാരണകളുടെയും പുറത്താണ് മുൻപ് പരാതി നൽകിയതെന്നും ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും അതിജീവിത വിചാരണയ്ക്കിടെ കോടതിയെ ബോധിപ്പിച്ചു. എൽദോസിന്റെ സുഹൃത്തുക്കളും കേട്ടിലെ രണ്ടും മൂന്നും പ്രതികളുമായ റനിഷ, സിപ്പി നൂറുദ്ദീൻ എന്നിവർ തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും യുവതി കോടതിയിൽ വ്യക്തമാക്കി.
2022 സെപ്റ്റംബർ 28-നാണ് പേട്ട സ്വദേശിയായ യുവതി എൽദോസ് കുന്നപ്പിള്ളിക്കെതിരെ സിറ്റി പൊലീസിന് പരാതി നൽകിയത്. മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്ക് കൊണ്ടുപോകുന്നതിനിടെ വീണ്ടും മർദ്ദിച്ചെന്നുമായിരുന്നു ആദ്യ പരാതി. പരാതി പിൻവലിക്കാൻ മുൻ എം.എൽ.എ തനിക്ക് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും യുവതി നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ജനപ്രതിനിധിയായിരുന്ന എൽദോസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്.
പല സ്ഥലങ്ങളിൽ എത്തിച്ച് മൂന്ന് തവണ ബലാത്സംഗം ചെയ്തെന്നും, ഇക്കാര്യം പുറത്തുപറയുമെന്ന് ഭയന്ന് കോവളത്തെ കുന്നിൻമുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വിചാരണവേളയിൽ പരാതിക്കാരി മൊഴി മാറ്റിയതോടെ പ്രോസിക്യൂഷൻ വാദങ്ങൾ ദുർബലമാവുകയും കോടതി പ്രതികളെ വെറുതെ വിടുകയുമായിരുന്നു.