
റിയാദ്: ആഗോള മലയാളി സമൂഹത്തിന്റെ സമാനതകളില്ലാത്ത കാരുണ്യക്കൂട്ടായ്മയിലൂടെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം സൗദി ജയിലിൽ നിന്നും മോചിതനായി. മോചനത്തിനായുള്ള അന്തിമ എക്സിറ്റ് ഉത്തരവ് സൗദി ഭരണകൂടം പുറപ്പെടുവിക്കുകയും വിസയിൽ ഒപ്പുവെക്കുകയും ചെയ്തു. യാത്രാ രേഖകൾ പൂർത്തിയായതോടെ റഹീം ഉടൻ തന്നെ ജന്മനാട്ടിലേക്ക് തിരിക്കുമെന്നാണ് റിയാദിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്.
2006 ഡിസംബർ 24-നാണ് സൗദി ബാലൻ അനസ് അൽ ശഹ്രി മരിച്ച കേസിൽ ഡ്രൈവറായിരുന്ന അബ്ദുൽ റഹീം റിയാദിൽ വെച്ച് ജയിലിലാകുന്നത്. തുടർന്ന് കോടതി ഇദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ, റഹീമിന്റെ ജീവൻ രക്ഷിക്കാനായി ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒത്തൊരുമിച്ച് 34 കോടി രൂപയുടെ റെക്കോർഡ് ദയാധനം (ബ്ലഡ് മണി) സമാഹരിച്ചു. ഈ തുക ഇന്ത്യൻ എംബസി വഴി റിയാദ് കോടതിയിൽ മുൻപ് തന്നെ അടച്ചിരുന്നു.
ദയാധനം സ്വീകരിച്ചതിനെ തുടർന്ന് കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കിയെങ്കിലും, കേസിന്റെ പശ്ചാത്തലത്തിൽ 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കാൻ ഉത്തരവിടുകയായിരുന്നു. നിലവിൽ ഈ ശിക്ഷാ കാലാവധി അവസാനിച്ചതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്. ഇന്ത്യൻ എംബസി അനുവദിച്ച താൽക്കാലിക പാസ്‌പോർട്ട് ഉപയോഗിച്ചാണ് എക്സിറ്റ് വിസയ്ക്കുള്ള അപേക്ഷ സമർപ്പിച്ചത്. രണ്ടു പതിറ്റാണ്ടോളം നീണ്ട ജയിൽവാസത്തിന് ഒടുവിൽ റഹീം തന്റെ പ്രിയപ്പെട്ടവരിലേക്ക് മടങ്ങിയെത്തുന്നതിന്റെ ആശ്വാസത്തിലാണ് പ്രവാസി ലോകവും കുടുംബവും.