
ആഫ്രിക്കൻ രാജ്യങ്ങളായ ഡിആർ കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള വൈറസ് അതിവേഗം പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവിൽ 220 പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ടുകൾ. രോഗം കണ്ടെത്തുന്നതിലെ കാലതാമസവും സുരക്ഷിതമല്ലാത്ത സംസ്കാര രീതികളുമാണ് രോഗവ്യാപനം വർദ്ധിപ്പിക്കുന്നത്.
കോംഗോയിൽ എബോള രോഗികളെ പരിചരിക്കുന്ന ആശുപത്രികൾക്ക് നേരെ ആക്രമണങ്ങൾ നടക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ മൃതദേഹങ്ങൾ ബന്ധുക്കൾ കൊണ്ടുപോകുന്നതും സുരക്ഷിതമല്ലാത്ത ശ്മശാനങ്ങളും രോഗം പടരാൻ കാരണമാകുന്നു. കോംഗോയുമായി അതിർത്തി പങ്കിടുന്ന മറ്റു രാജ്യങ്ങളിലും രോഗബാധയുണ്ടാകാൻ ഉയർന്ന സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
എബോള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾക്കായി ഡിജിസിഎ പുതിയ പ്രോട്ടോക്കോൾ പുറപ്പെടുവിച്ചു. ഉഗാണ്ട, കോംഗോ എന്നീ രാജ്യങ്ങളിലൂടെ സർവീസ് നടത്തുന്ന വിമാനങ്ങൾ ഓൺ-ബോർഡ് നിരീക്ഷണം കർശനമാക്കണം. യാത്രക്കാരിൽ നിന്ന് ഹെൽത്ത് ഡിക്ലറേഷൻ ഫോമുകൾ നിർബന്ധമായും ശേഖരിക്കണം. യാത്രയ്ക്കിടെ രോഗലക്ഷണങ്ങളെക്കുറിച്ചും ജാഗ്രതയെക്കുറിച്ചും പ്രത്യേക അനൗൺസ്‌മെന്റുകൾ നൽകണം. വിദേശത്തുനിന്നും ഇന്ത്യയിൽ എത്തിയ ശേഷം 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. ഈ മാസം 22-നാണ് ഡിജിസിഎ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വിമാനക്കമ്പനികൾക്ക് കൈമാറിയത്.