
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രദർശന വിവാദത്തിൽ മുഖ്യമന്ത്രിക്ക് ദേവസ്വം ബോർഡിന്റെ ക്ലീൻചിറ്റ്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ ആചാരലംഘനം നടന്നിട്ടില്ലെന്നും, നിയമാനുസൃതമായ പാസ്സെടുത്താണ് അദ്ദേഹം ദർശനം നടത്തിയതെന്നും ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് വ്യക്തമാക്കി.
സംഭവത്തിൽ ഗോപുരം മാനേജരിൽ നിന്നും സെക്യൂരിറ്റി ജീവനക്കാരിൽ നിന്നും ബോർഡ് മൊഴിയെടുത്തിരുന്നു. മുഖ്യമന്ത്രി അഞ്ച് പേർക്കുള്ള നെയ്‌വിളക്ക് വഴിപാട് ശീട്ടാക്കിയാണ് ദർശനം നടത്തിയത്. അദ്ദേഹത്തോടൊപ്പം അധികം പേർ ഉണ്ടായിരുന്നില്ലെന്നും, മുഖ്യമന്ത്രിയുടെ സന്ദർശനം കാരണം ഒരു ഭക്തർക്ക് പോലും ദർശനം തടസ്സപ്പെട്ടതായി പരാതി ലഭിച്ചിട്ടില്ലെന്നും സെക്യൂരിറ്റി ജീവനക്കാർ മൊഴി നൽകി.
മന്ത്രി എ.പി. അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി, വിഐപി ദർശനത്തിന് നിയന്ത്രണമുള്ള ഞായറാഴ്ച രാവിലെ ദർശനം നടത്തിയത് വിവാദമായിരുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് അന്വേഷണം നടത്തിയത്.
നെയ്‌വിളക്ക് വഴിപാട് നടത്തുന്നവർക്ക് വരിനിൽക്കാതെ ദർശനം അനുവദിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദർശനത്തിനായി അദ്ദേഹത്തിന്റെ കൂടെ സ്ഥിരമായി എത്താറുള്ള മുൻ ദേവസ്വം ജീവനക്കാരൻ ടി.കെ. ഗോപാലകൃഷ്ണനാണ് അഞ്ച് നെയ്‌വിളക്കിനുള്ള ശീട്ടാക്കിയത്. അഞ്ച് പേർക്ക് ദർശനം നടത്താമെന്നിരിക്കെ, മുഖ്യമന്ത്രി ഉൾപ്പെടെ നാല് പേർ മാത്രമാണ് അകത്ത് പ്രവേശിച്ചതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാറും സ്ഥിരീകരിച്ചു. മറ്റ് ഭക്തർക്ക് യാതൊരു തടസ്സവും സൃഷ്ടിക്കാതെയാണ് ദർശനം പൂർത്തിയാക്കിയതെന്ന് അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി.