Image

നവകേരള സദസ്സ് മർദ്ദനക്കേസ്: പിണറായി വിജയന്റെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

Published on 26 May, 2026
നവകേരള സദസ്സ് മർദ്ദനക്കേസ്: പിണറായി വിജയന്റെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും നിലവിൽ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായി തുടരുന്ന അനിൽ കുമാർ, അന്ന് അകമ്പടി സേവിച്ചിരുന്ന എസ്‌കോർട്ട് സംഘത്തിലുണ്ടായിരുന്ന സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ അച്ചടക്ക നടപടി. ആലപ്പുഴയിലെ മർദ്ദനവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.

​യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം പൂർണ്ണമായും ചട്ടവിരുദ്ധമാണെന്ന് പ്രത്യേക അന്വേഷണസംഘം ഡി.ജി.പിക്ക് ഇ-മെയിൽ വഴി കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിഷേധക്കാരെ ലോക്കൽ പോലീസ് വാഹനം തടഞ്ഞ് മാറ്റിയിരുന്നതിനാൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അവിടെ ഇടപെടേണ്ട യാതൊരു സാഹചര്യവുമുണ്ടായിരുന്നില്ല. കൂടാതെ, ലാത്തി ഉപയോഗിക്കാൻ നിയമപരമായി അനുമതിയില്ലാത്ത സുരക്ഷാ ഉദ്യോഗസ്ഥർ ലാത്തി കൈക്കലാക്കി പ്രവർത്തകരെ മർദ്ദിച്ചതിനാൽ ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കുമെന്നും അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

​അഞ്ചു പോലീസുകാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ കോടതിയിൽ നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വി.ഐ.പി വാഹനത്തിന് സുരക്ഷയൊരുക്കി മുന്നോട്ടുപോവേണ്ട ഉദ്യോഗസ്ഥർ, മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷം തങ്ങളുടെ വാഹനം മനഃപൂർവ്വം നിർത്തിയിറങ്ങി പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കൺപീലിക്ക് താഴെ പരിക്കേറ്റത് ഉൾപ്പെടെയുള്ള ഗുരുതരമായ സാഹചര്യങ്ങൾ നിലനിൽക്കെ, ഉദ്യോഗസ്ഥർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെയാണ് പോലീസിന് കനത്ത തിരിച്ചടിയായി സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക