
തിരുവനന്തപുരം: പരിസ്ഥിതി നിയമങ്ങൾ കർശനമാക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് ഒൻപത് വർഷമായി നിരോധിച്ചിരുന്ന നദീജന്യ മണൽവാരൽ വീണ്ടും പുനരാരംഭിക്കാൻ വഴിതെളിയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സമർപ്പിച്ച പ്രവർത്തന നടപടിക്രമങ്ങൾക്ക് റവന്യൂ വകുപ്പ് അന്തിമ അംഗീകാരം നൽകി. സാൻഡ് ഓഡിറ്റിങ് പൂർത്തിയാക്കിയതിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 പ്രധാന നദികളിൽ നിന്ന് മണൽ വാരുന്നതിനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ നിർമ്മാണ മേഖലയിലെ കടുത്ത മണൽ ക്ഷാമത്തിന് വലിയ പരിഹാരമാകുമെന്നാണ് കരുതുന്നത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കർശനമായ പാരിസ്ഥിതിക അനുമതി നിബന്ധനകൾ ഏർപ്പെടുത്തിയതിനെ തുടർന്ന് 2016 മുതലാണ് സംസ്ഥാനത്തെ പുഴകളിൽ നിന്നുള്ള മണൽവാരൽ പൂർണ്ണമായി നിലച്ചത്. എന്നാൽ പിന്നീട് കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വീണ്ടും മണൽ ഖനനത്തിന് സാഹചര്യമൊരുങ്ങുന്നത്. സംസ്ഥാനത്തെ ആകെ 36 നദികളിൽ നടത്തിയ വിശദമായ സാൻഡ് ഓഡിറ്റിൽ 17 നദികളിൽ വൻതോതിൽ മണൽ അടിഞ്ഞുകൂടി കിടക്കുന്നതായി കണ്ടെത്തിയിരുന്നു. നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് ഈ മണൽ നിക്ഷേപമുള്ളത്.
സാൻഡ് ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ഈ നദികളിലാകെ 464 ലക്ഷം ക്യുബിക് മീറ്റർ മണൽ നിക്ഷേപമുണ്ട്. ഇതിൽ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത രീതിയിൽ 141 ലക്ഷം ക്യുബിക് മീറ്റർ മണൽ ഖനനം ചെയ്ത് മാറ്റാമെന്നാണ് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരിക്കുന്നത്. മണൽ വാരുന്നതിനുള്ള പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ ഉടൻ തന്നെ പ്രത്യേക മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കും. ഇതിന് പിന്നാലെ ജില്ലാ സർവേ റിപ്പോർട്ടിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്ന മുറയ്ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ മണൽവാരൽ ഔദ്യോഗികമായി ആരംഭിക്കും.