Image

സ്പോർട്സ് ഹാളിൽ കൂട്ടക്കൊല നടത്തിയതും യുഎസ് എന്നു സ്ഥിരീകരണം; യുദ്ധക്കുറ്റമെന്നു ഇറാൻ (പിപിഎം)

Published on 26 May, 2026
സ്പോർട്സ് ഹാളിൽ കൂട്ടക്കൊല നടത്തിയതും യുഎസ് എന്നു സ്ഥിരീകരണം; യുദ്ധക്കുറ്റമെന്നു ഇറാൻ (പിപിഎം)

മിഡിൽ ഈസ്റ്റ് യുദ്ധം ആരംഭിച്ച ഫെബ്രുവരി 28നു ഇറാനിലെ മിനബിൽ യുഎസ് മിസൈൽ ആക്രമണത്തിൽ 168 കുട്ടികൾ കൊല്ലപ്പെട്ട അന്നു തന്നെ ഫാർസ് പ്രവിശ്യയിലെ ലാമെർഡിൽ ഒരു സ്പോർട്സ് ഹാളിനു നേരെയും യുഎസ് മിസൈൽ ആക്രമണം ഉണ്ടായതായി വെളിപ്പെടുത്തൽ. രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ 21 കുട്ടികളും മൂന്നു വനിതാ വോളിബോൾ കളിക്കാരും കൊല്ലപ്പെട്ടു. 130 പേർക്കു പരുക്കേറ്റു.

യുഎസ് പുതുതായി ഇറക്കിയ പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ ( PrSM)  ആണ് വോളിബോൾ കളി നടന്നിരുന്ന സ്പോർട്സ് ഹാളിൽ കൂട്ടക്കൊലയ്ക്കു ഉപയോഗിച്ചതെന്നു സ്ഥിരീകരിച്ചതോടെ അതൊരു 'നിന്ദ്യമായ യുദ്ധക്കുറ്റം' ആണെന്നു ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഖായ് ചൂണ്ടിക്കാട്ടി.  

ബി ബി സി, ന്യൂ യോർക്ക് ടൈംസ് തുടങ്ങിയ വാർത്താ സ്ഥാപനങ്ങളാണ് അന്വേഷണം നടത്തി സ്ഥിരീകരിച്ചത്. മിസൈൽ ആകാശത്തു വച്ചു പൊട്ടുകയും ആയിരക്കണക്കിനു ചീളുകൾ ചിതറി വീഴുകയും ചെയ്തു. 180,000 ചീളുകൾ പല ഭാഗങ്ങളിലേക്കും ചിതറിത്തെറിച്ചു വ്യാപക നാശനഷ്ടം ഉണ്ടാക്കിയെന്നു ബഖായ് പറയുന്നു.

കരുതിക്കൂട്ടിയുള്ള യുദ്ധക്കുറ്റം എന്നു അദ്ദേഹം അതിനെ വിശേഷിപ്പിച്ചു. പുതിയൊരു ആയുധത്തിന്റെ സംഹാര ശേഷി ഇറാനിലെ സിവിലിയന്മാരുടെ മേൽ പരീക്ഷിക്കയാണ് അവർ ചെയ്തത്. "അത് നിന്ദ്യമായ യുദ്ധക്കുറ്റമാണ്." 
എന്നാൽ യുഎസ് സെൻട്രൽ കമാൻഡ് അത് നിഷേധിച്ചു. ആ മേഖലയിൽ യുഎസ് ആക്രമണം നടത്തിയില്ല എന്നാണ് അവരുടെ നിലപാട്. 
മിനബിലെ സ്കൂളിൽ കൂട്ടക്കൊല നടത്തിയത് ഇറാൻ തന്നെയാണെന്നു പ്രസിഡന്റ് ട്രംപ് അന്നു പറഞ്ഞിരുന്നു. 
Iran accuses US of war crime:  missile strike killed 24 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക