Image

ബിസിനസ്സ് ഉടമകളെ ഭീഷണിപ്പെടുത്ത പണം തട്ടൽ; ബ്രാംപ്ടണിലെ 17 ഇന്ത്യൻ വംശജർ അറസ്റ്റിൽ

Published on 25 May, 2026
ബിസിനസ്സ് ഉടമകളെ ഭീഷണിപ്പെടുത്ത പണം തട്ടൽ; ബ്രാംപ്ടണിലെ 17 ഇന്ത്യൻ വംശജർ അറസ്റ്റിൽ



ടൊറന്റോ: കാനഡയിലെയും അമേരിക്കയിലെയും ദക്ഷിണേഷ്യൻ ബിസിനസ്സ് ഉടമകളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന, ഇന്ത്യൻ വംശജരായ യുവാക്കൾ ഉൾപ്പെടുന്ന വലിയൊരു അന്താരാഷ്ട്ര ഗുണ്ടാ സംഘത്തിലെ 17 പേരെ പീൽ റീജിനൽ പൊലീസ് അറസ്റ്റ് ചെയ്തു. “ഫോർ ബ്രദേഴ്സ്"  എന്നറിയപ്പെടുന്ന ക്രിമിനൽ സംഘവുമായി ബന്ധമുള്ള ഇവർക്കെതിരെ വെടിവെയ്പ്പ്, തീവെപ്പ്, വധഭീഷണി തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുണ്ട്. ആവശ്യപ്പെട്ട പണം നൽകാത്ത റെസ്റ്ററന്റുകൾ, ട്രക്കിങ് കമ്പനികൾ എന്നിവയ്ക്ക് നേരെ നടന്ന ആസൂത്രിത അക്രമങ്ങളെക്കുറിച്ച് പീൽ പൊലീസ്, ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ്, എഫ്.ബി.ഐ (FBI), കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസി (CBSA) എന്നിവർ സംയുക്തമായി നടത്തിയ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈ അറസ്റ്റ്.


ബ്രാംപ്ടൺ, മിസ്സിസാഗ, കാലിഡൻ എന്നീ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈ സംഘത്തിന് ബ്രിട്ടിഷ് കൊളംബിയ, കാലിഫോർണിയ എന്നിവിടങ്ങളിലും ശൃംഖലകളുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബിസിനസുകാർക്കും അവരുടെ കുടുംബങ്ങൾക്കും നേരെ 16 ഓളം ക്രൂരമായ ആക്രമണങ്ങൾ ഉൾപ്പെടെ ആകെ 24 അക്രമസംഭവങ്ങളിലാണ് ഈ പ്രതികൾക്ക് പങ്കുള്ളത്. വിവിധ അക്രമങ്ങളിലായി ഇവർ 324 റൗണ്ട് വെടിയുതിർക്കുകയും ഒന്നിലധികം ഇടങ്ങളിൽ തീവെപ്പ് നടത്തുകയും ചെയ്തിട്ടുണ്ട്. 

തുടർന്ന് 2026 ഏപ്രിലിൽ നടത്തിയ വ്യാപക റെയ്ക്കുകളിലാണ് 21-നും 32-നും ഇടയിൽ പ്രായമുള്ള ഈ 17 യുവാക്കൾ പിടിയിലായത്. ഇവരിൽ 12 പേരും ബ്രാംപ്ടൺ സ്വദേശികളാണ്. ഇവർക്കെതിരെ ആകെ 106 ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതികളിൽ നിന്ന് ആറ് തോക്കുകൾ, മയക്കുമരുന്നുകൾ, നിരവധി മൊബൈൽ ഫോണുകൾ, വ്യാജ രേഖകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. 0ശിക്ഷാ നടപടികൾക്ക് ശേഷം പിടിയിലായവരിൽ ആറ് പേർക്കെതിരെ ഇമിഗ്രേഷൻ നിയമപ്രകാരമുള്ള കടുത്ത നടപടികൾ ഉണ്ടാകും. ഇതിന് പുറമെ ഇമിഗ്രേഷൻ ചട്ടങ്ങൾ ലംഘിച്ചതിന് അതിർത്തി സുരക്ഷാ ഏജൻസി മറ്റ് ആറ് പേരെ കൂടി അറസ്റ്റ് ചെയ്യുകയും അതിൽ മൂന്ന് പേരെ ഇതിനകം കാനഡയിൽ നിന്ന് നാടുകടത്തുകയും ചെയ്തിട്ടുണ്ട്. ദക്ഷിണേഷ്യൻ സമൂഹത്തിൽ വലിയ ഭീതി പടർത്തിയ ഈ അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും സജീവമായി തുടരുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പീൽ പൊലീസ് ചീഫ് നിഷാൻ ദുരൈയപ്പ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക