
എലത്തൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിൽ വീഴ്ച സമ്മതിച്ച് മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച സംഭവിച്ചുവെന്ന പാർട്ടി ജില്ലാ എക്സിക്യൂട്ടീവിന്റെ വിമർശനം ഉൾക്കൊള്ളുന്നുവെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയിലേക്കോ എം.വി. ഗോവിന്ദനിലേക്കോ മാത്രം ചാരുന്നത് ശരിയല്ല. എലത്തൂരിലെ പരാജയത്തിൽ തനിക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ശശീന്ദ്രൻ പറഞ്ഞു.
അനിവാര്യമായ സമയത്ത് തിരുത്തലുകൾ വരുത്താൻ സാധിച്ചില്ല. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം നിരീക്ഷിച്ചു. എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിച്ചതാണ് തോൽവിക്ക് കാരണമെന്ന വിമർശനം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ ശക്തമാണ്. പുതിയ സ്ഥാനാർത്ഥിയെ നിർത്തണമെന്ന നിർദ്ദേശം നേരത്തെ ഉയർന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.