Image

പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്; വ്യോമയാന വകുപ്പുകൾ ഒഴിവാക്കി ഒടുവിൽ കുറ്റപത്രം

Published on 25 May, 2026
പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്; വ്യോമയാന വകുപ്പുകൾ ഒഴിവാക്കി ഒടുവിൽ കുറ്റപത്രം

തിരുവനന്തപുരം: പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഏറെ നിയമതടസ്സങ്ങൾക്കൊടുവിൽ, വ്യോമയാന വകുപ്പുകൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് അന്വേഷണസംഘം തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്. കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്. ശബരീനാഥൻ ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രധാന പ്രതികൾ. ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് പിണറായി വിജയനെ വധിക്കാൻ പ്രതികൾ ബോധപൂർവ്വം ശ്രമിച്ചുവെന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.


കേസിൽ കടുത്ത വ്യോമയാന വകുപ്പുകൾ ചുമത്തുന്നതിനായി പ്രോസിക്യൂഷൻ അനുമതി തേടി കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിരുന്നുവെങ്കിലും കേന്ദ്രം ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. ഇതേത്തുടർന്ന് കുറ്റപത്രം സമർപ്പിക്കുന്നത് നീണ്ടുപോയി. ഒടുവിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ, വ്യോമയാന വകുപ്പുകൾ ഒഴിവാക്കി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) വധശ്രമം, ഗൂഢാലോചന തുടങ്ങിയ കടുത്ത വകുപ്പുകൾ മാത്രം ഉൾപ്പെടുത്തിയാണ് ഇപ്പോൾ കുറ്റപത്രം കോടതിക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.


കേസിനാസ്പദമായ സംഭവം നടക്കുന്നത് 2022 ജൂൺ 13-നാണ്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക