
മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കയും ലോകത്തിനു ആശങ്ക അകറ്റി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്യുന്ന കരാറിനു യുഎസും ഇറാനും തത്വത്തിൽ യോജിച്ചെന്നു മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ വാർത്താ മാധ്യമങ്ങളോടു വെളിപ്പെടുത്തി. സമ്പുഷ്ട യുറേനിയം കൈമാറാമെന്നു ഇറാൻ ഉറപ്പു നൽകുകയും ചെയ്യും.
ചർച്ചകൾ സൃഷ്ടിപരമായും ചിട്ടയോടെയുമാണ് പുരോഗമിക്കുന്നതെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അതേ സമയം, തിരക്കിട്ടു ഡീൽ ഉണ്ടാക്കേണ്ട എന്നും ചെയ്യുന്നതിൽ പിഴവുണ്ടാകാൻ പാടില്ലെന്നും ഇരു രാജ്യങ്ങളുടെയും ദൂതന്മാരോടായി അദ്ദേഹം പറഞ്ഞു.
"നമുക്കു സമയമുണ്ട്," അദ്ദേഹം പറഞ്ഞു. "കരാർ സർട്ടിഫൈ ചെയ്തു ഒപ്പുവയ്ക്കുന്നതു വരെ യുഎസ് നാവിക ഉപരോധം പൂർണ ശക്തിയോടെ തുടരും. ഇരു പക്ഷവും സമയമെടുത്ത് കുറ്റമറ്റ കരാർ ഉണ്ടാക്കണം."
ശനിയാഴ്ചയ്ക്കു ശേഷം ഇരു പക്ഷത്തു നിന്നും പരസ്പര വിരുദ്ധമെന്നു പറയാവുന്ന സൂചനകളാണ് വന്നിട്ടുള്ളത്. ഞായറാഴ്ച്ച ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞത് കരാറിൽ യോജിപ്പായിട്ടില്ലെന്നും ട്രംപും ഇറാൻ പരമാധികാരിയും അംഗീകരിക്കേണ്ടതുണ്ട് എന്നുമാണ്. അതിനു ദിവസങ്ങൾ വേണ്ടി വരും.
ആണവ പദ്ധതിയെ കുറിച്ച് കരാർ ഒപ്പിട്ട ശേഷം 30-60 ദിവസം കൊണ്ടു ചർച്ച ചെയ്തു തീരുമാനം ഉണ്ടാക്കുമെന്നാണ് മൂന്ന് ഇറാൻ അധികൃതർ ശനിയാഴ്ച്ച പറഞ്ഞത്. കരാർ അന്തിമ വാക്കല്ലെന്നു ഇരു പക്ഷവും പറയുന്നു. അത് ഒപ്പിട്ട ശേഷം കൂടുതൽ ചർച്ചകൾ നടത്തി അന്തിമ തീർപ്പുകളിൽ എത്തും.
കരാറിൽ ഇറാന്റെ മിസൈലുകളോ യുറേനിയം മരവിപ്പിക്കലോ സംബന്ധിച്ച വ്യവസ്ഥകളില്ല എന്നാണ് ഞായറാഴ്ച്ച യുഎസ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചത്. ആ കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യും.
സമ്പുഷ്ട യുറേനിയം പുറത്തെടുക്കുന്നത് ഏറെ കരുതലോടെ ചെയ്യേണ്ടതുണ്ട്. അത് എങ്ങിനെ ചെയ്യും എന്ന കാര്യം വിശദമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ പദ്ധതി അടച്ചു പൂട്ടുന്നതിന്റെ ഭാഗമായി യുറേനിയം യുഎസ് ഏറ്റെടുക്കണം എന്നതാണ് ട്രംപിന്റെ നിലപാട്.
ദുരിതമായി തീർന്ന യുദ്ധം
ട്രംപിനെ സംബന്ധിച്ചിടത്തോളം ഈ യുദ്ധം ഒരു ദുരിതമായി തീർന്നു എന്നതാണ് പരമാർത്ഥം. ആഗോള ഊർജ വിപണികളെ വിറകൊള്ളിച്ച യുദ്ധം യുഎസിൽ ഉണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതം ജനങ്ങളെ രോഷം കൊള്ളിച്ചിട്ടുണ്ട്. നവംബർ മൂന്നിനു തിരഞ്ഞെടുപ്പിൽ അത് പ്രധാന വിഷയമായാൽ റിപ്പബ്ലിക്കൻ പാർട്ടിക്കു കോൺഗ്രസ് കൈവിട്ടു പോകാം.
യുദ്ധം തുടരണമെന്നു വാശി പിടിക്കുന്ന റിപ്പബ്ലിക്കൻ നേതാക്കൾ സമാധാന കരാറിനെ പക്ഷെ തള്ളിപ്പറയുന്നു. സെനറ്റ് ആംഡ് ഫോഴ്സസ് സർവീസസ് കമ്മിറ്റി ചെയർമാൻ സെനറ്റർ റോജർ വിക്കർ പറഞ്ഞു: "അതൊരു മഹാദുരന്തമാണ്. ഇറാൻ നല്ല ഉദ്ദേശത്തിൽ ഇടപെടില്ല."
യുദ്ധം അവസാനിക്കുന്നതിനെ പ്രമുഖ ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് മർഫി സ്വാഗതം ചെയ്‌തു. "ആയിരക്കണക്കിനു നിരപരാധികൾ മരിച്ച യുദ്ധമാണിത്, സമ്പദ് വ്യവസ്ഥ ആവട്ടെ താറുമാറായി," അദ്ദേഹം ചൂണ്ടിക്കാട്ടി.
യുദ്ധം അവസാനിച്ചതു കൊണ്ട് ട്രംപ് കഴിവ് കെട്ട ഭരണാധികാരിയാണ് എന്ന സത്യം മാഞ്ഞു പോകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ഈ യുദ്ധം തുടക്കം മുതലേ ശുദ്ധ ഭ്രാന്തായിരുന്നു. കൂടെക്കൂടെ മാറിക്കൊണ്ടിരിക്കുന്ന ലക്ഷ്യങ്ങളിൽ ഒന്നും തന്നെ നേടാൻ ട്രംപിനു കഴിഞ്ഞില്ല.
"ഇറാന് ഇപ്പോഴും ഹോർമുസ് അടച്ചിടാൻ കഴിയുന്നു. അവരുടെ ആണവ പദ്ധതി തുടരുകയും ചെയ്യുന്നു."
US, Iran agree deal in principle