Image

മദ്യപിച്ചെത്തിയ അച്ഛന്റെ മര്‍ദ്ദനമേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു; പിതാവ് കസ്റ്റഡിയില്‍

Published on 23 May, 2026
മദ്യപിച്ചെത്തിയ അച്ഛന്റെ മര്‍ദ്ദനമേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു; പിതാവ് കസ്റ്റഡിയില്‍

വളാഞ്ചേരി: മദ്യപിച്ചെത്തിയ പിതാവുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ അടിയേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ മങ്കുഴിയില്‍ ശബരിയുടെ മകന്‍ ശ്യാംകൃഷ്ണന്‍ (17) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതിയായ പിതാവ് ശബരിയെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.

​സംഭവദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ശബരിയും മകന്‍ ശ്യാമും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും, തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ശബരി മകനെ മര്‍ദ്ദിക്കുകയുമായിരുന്നു. പിതാവിന്റെ ശക്തമായ അടിയേറ്റ് കുട്ടി നിലത്തു വീണു. അബദ്ധത്തിലാണ് അടിയേറ്റതെന്നാണ് പ്രാഥമിക വിവരം. ബോധരഹിതനായ മകനെ പിതാവ് തന്നെ ഉടന്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

​വളാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട ശ്യാംകൃഷ്ണന്‍. പ്രതിയായ ശബരി മരപ്പണിക്കാരനാണ്. സംഭവത്തില്‍ വളാഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മേല്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക