
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ഖനി ദുരന്തത്തിന്റെ ഞെട്ടലിലാണ് ചൈന. വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള കൽക്കരി ഖനിയിലുണ്ടായ ശക്തമായ വാതക സ്ഫോടനത്തിൽ 82 പേർ മരിച്ചു . നിരവധി തൊഴിലാളികൾ ഇപ്പോഴും ഭൂമിക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കാണാതായ ഒൻപതോളം പേർക്കായി ഖനിക്കുള്ളിൽ അതീവ സങ്കീർണ്ണമായ സാഹചര്യത്തിൽ തിരച്ചിൽ തുടരുകയാണ്.
വെള്ളിയാഴ്ച രാത്രി 7:29 ഓടെയായിരുന്നു ദുരന്തത്തിന് കാരണമായ ഗ്യാസ് സ്ഫോടനം നടന്നത്. അപകടം നടക്കുന്ന സമയത്ത് 247 ഓളം തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഖനിക്കുള്ളിൽ കാർബൺ മോണോക്സൈഡിന്റെ അളവ് പരിധിവിട്ട് ഉയർന്നതായി മുന്നറിയിപ്പ് വന്നിരുന്നതായി ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ 156 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഭൂമിക്കടിയിൽ കാർബൺ മോണോക്സൈഡ് വാതകം നിറഞ്ഞതും ഉയർന്ന താപനിലയും രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ചൈനയിലെ പ്രധാന കൽക്കരി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഷാൻസിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയതിനെ തുടർന്ന് അടുത്ത കാലത്തായി അപകടങ്ങൾ കുറഞ്ഞിരുന്നെങ്കിലും, ഈ ദുരന്തം രാജ്യത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്