
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍ അടക്കം അഞ്ച് പൊലീസുകാര്‍ കുറ്റക്കാരാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ഗണ്‍മാന്‍ അനിലിന് പുറമെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ്, എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരായ ഷൈജു, വിപിന്‍, അരുണ്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം ഇത് സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതികളായ അഞ്ച് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല നടപടിക്കുള്ള ശുപാര്‍ശ ഉടന്‍ ഡി.ജി.പിക്ക് കൈമാറും.
ലോക്കല്‍ പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വാഹനത്തില്‍ നിന്നിറങ്ങി ലാത്തികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവരുടെ ഭാഗത്തുനിന്നും ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായത്. സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും വിശദമായി പരിശോധിച്ച ശേഷമാണ് അന്വേഷണസംഘം നിഗമനത്തിലെത്തിയത്. കോടതിയുടെ നിര്‍ദേശപ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടായതിനാല്‍ നിലവില്‍ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. തുടരന്വേഷണത്തിന് ശേഷമാകും കുറ്റപത്രത്തില്‍ വകുപ്പുകള്‍ ചേര്‍ക്കുക.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് അനാവശ്യമായ പ്രവൃത്തിയാണെന്നും പൊലീസിന് വലിയ അവമതിപ്പുണ്ടാക്കുന്നതാണെന്നും അന്നത്തെ ആലപ്പുഴ എസ്.പി ചൈത്ര തെരേസ ജോണ്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവരെ സുരക്ഷാ ചുമതലയില്‍ നിന്ന് അടിയന്തരമായി മാറ്റണമെന്നും അന്ന് എസ്.പി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥരെ സംരക്ഷിക്കാനായി അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാര്‍ ഈ റിപ്പോര്‍ട്ട് തിരുത്തിയെന്ന ഗുരുതരമായ ആക്ഷേപവും ഇപ്പോള്‍ ഉയരുന്നുണ്ട്.
സംസ്ഥാനത്ത് വി.ഡി. സതീശൻ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് നവകേരള സദസ്സിലെ മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ഈ പ്രത്യേക സംഘമാണ് കേസില്‍ ഇപ്പോള്‍ നിർണായക കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. രാഷ്ട്രീയമായി ഏറെ വിവാദമുയര്‍ത്തിയ 'രക്ഷാപ്രവര്‍ത്തന' കേസില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ തന്നെ പ്രതിക്കൂട്ടിലായത് സി.പി.എമ്മിനും മുന്‍ ഇടത് സര്‍ക്കാരിനും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.