
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഭീകരന്‍ പിടിയില്‍. 32 വയസുകാരനായ ഇറാഖ് പൗരന്‍മുഹമ്മദ് ബാഖര്‍ സാദ് ദാവൂദ് അല്‍-സാദി ആണ് പിടിയിലായത്. ഇയാള്‍ക്ക് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. ഇയാള്‍ക്ക് ഖതൈബ് ഹിസ്ബുള്ളയുമായും ബന്ധമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
2026 മേയ് 15-ന് തുര്‍ക്കിയില്‍ വെച്ചാണ് അല്‍-സാദി അറസ്റ്റിലായത്. പിന്നീട് ഇയാളെ അമേരിക്കയ്ക്ക് കൈമാറി. നിലവില്‍ ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ ഏകാന്ത തടവിലാണ്. ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥനായ അഹമ്മദ് കസേമിയുടെ മകനായ അല്‍-സാദി, ടെഹ്റാനില്‍ വെച്ചാണ് ഐആര്‍ജിസിയുടെ പരിശീലനം നേടിയത്. സുലൈമാനിക്കൊപ്പം സൈനിക ഭൂപടങ്ങള്‍ പരിശോധിക്കുന്ന ഇയാളുടെ ചിത്രങ്ങളും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഫ്‌ളോറിഡയില്‍ ഭര്‍ത്താവ് ജാരെഡ് കുഷ്‌നറുമൊത്ത് താമസിക്കുന്ന ഇവാങ്കയുടെ വസതിയുടെ ബ്ലൂപ്രിന്റ് അറസ്റ്റിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. 2020-ല്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരമായാണ് ഇയാള്‍ ഇവാങ്കയെ വധിക്കാന്‍ പദ്ധതിയിട്ടത്. സുലൈമാനിയെ തന്റെ പിതൃതുല്യനായിട്ടാണ് അല്‍-സാദി കണ്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇറാഖ് പ്രധാനമന്ത്രിയുടെ അനുമതിയോടെ മാത്രം നല്‍കുന്ന പ്രത്യേക പാസ്പോര്‍ട്ടും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു.