Image

നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് രാജിവച്ചു

Published on 22 May, 2026
നാഷണൽ ഇന്റലിജൻസ്  ഡയറക്ടർ തുൾസി ഗബ്ബാർഡ്   രാജിവച്ചു

വാഷിംഗ്ടൺ ഡിസി, മെയ് 22 (ANI): നാഷണൽ ഇന്റലിജൻസ്  ഡയറക്ടർ (ഡിഎൻഐ) തുൾസി ഗബ്ബാർഡ് രാജി വച്ചു.  പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാബിനറ്റിൽ നിന്ന് പുറത്തു പോകുന്ന നാലാമത്തെ വ്യക്തിയാണ് കോൺഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുൾസി.

ഓവൽ ഓഫീസിൽ ഇന്ന് നടന്ന ഒരു യോഗത്തിനിടെ ഗബ്ബാർഡ് തന്റെ തീരുമാനം ട്രംപിനെ അറിയിച്ചതായി ഫോക്സ് ന്യൂസ് ഡിജിറ്റൽ റിപ്പോർട്ട് ചെയ്തു. അവരുടെ രാജി ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരും.

അപൂർവ അസ്ഥി കാൻസർ ബാധിതനായ ഭർത്താവിനെ ശുശ്രുഷിക്കാൻ വേണ്ടിയാണ് രാജി എന്നാണ് വിശദീകരണം. എന്നാൽ കുറെ നാളായി അവരുടെ രാജി ചർച്ച  വിഷയമായിരുന്നു. പല കാര്യങ്ങളിലും ട്രംപിന്റെ നയവുമായി അവർക്ക് പൊരുത്തപ്പെടാനായില്ല. പ്രത്യേകിച്ച് ഭരണമാറ്റത്തിനായി നടത്തുന്ന യുദ്ധങ്ങൾ. ആർമിയിൽ മേജറായി യുദ്ധരംഗത്തു സേവനമനുഷ്ടിച്ചിട്ടുള്ള അവർ യുദ്ധത്തോട് താല്പര്യം കാട്ടിയിരുന്നില്ല.

കഴിഞ്ഞ തവണ പ്രസിഡന്റ് പദത്തിനും അവർ മത്സരരംഗത്തുണ്ടായിരുന്നു. ഡമോക്രാറ്റായിരുന്ന അവർ പിന്നീട് റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് മാറുകായായിരുന്നു.

ഹാവായിയിൽ നേറ്റീവ് അമേരിക്കൻ വംശജയായ അവരുടെ അമ്മ ഹരേ കൃഷ്ണ  പ്രസ്ഥാനത്തിൽ അംഗമായിരുന്നു. അങ്ങനെ ജന്മാനാൽ  തുളസി ഹിന്ദുമത വിശ്വാസി ആയിരുന്നു.

'ഈ സമയത്ത്, പൊതുസേവനത്തിൽ നിന്ന് മാറി നിന്ന് ഭർത്താവിനൊപ്പം  ഉണ്ടായിരിക്കാനും ഈ പോരാട്ടത്തിൽ അദ്ദേഹത്തെ പൂർണ്ണമായി പിന്തുണയ്ക്കാനും താൻ തയ്യാറാകേണ്ടതുണ്ട്-രാജി പ്രഖ്യാപിച്ച ശേഷം  അവർ പറഞ്ഞു.  കുടുംബത്തിന്റെ  വളരെ വ്യക്തിപരമായതും ദുഷ്‌കരവുമായ ഈ സമയത്ത്  തങ്ങളുടെ സ്ഥിതി  മനസ്സിലാക്കിയതിന് നന്ദി, അവർ എഴുതി.

കഴിഞ്ഞ ഒന്നര വർഷമായി നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിനെ നയിക്കാനുള്ള അവസരത്തിന് ഗബ്ബാർഡ് ട്രംപിനോട് നന്ദി പറഞ്ഞു, കൂടാതെ ഓഫീസ് വിടുന്നതിനുമുമ്പ് സുഗമമായ മാറ്റം ഉറപ്പാക്കുമെന്ന് അവർ പറഞ്ഞു.

ഡിഎൻഐ ആയിരുന്ന കാലത്ത്, ഏജൻസിയുടെ വലുപ്പം കുറയ്ക്കുക, ഇന്റലിജൻസ് രംഗത്തെ  വൈവിധ്യം, തുല്യത, ഉൾപ്പെടുത്തൽ (ഡിഇഐ) പരിപാടികൾ ഇല്ലാതാക്കുക എന്നിവയുൾപ്പെടെ ഇന്റലിജൻസ് സമൂഹത്തെ പുനഃക്രമീകരിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ ഗബ്ബാർഡ് ഏറ്റെടുത്തു.

ട്രംപിനെതിരായ റഷ്യ ബന്ധം  അന്വേഷണം, മുൻ യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെയും സെനറ്റർ റോബർട്ട് എഫ് കെന്നഡിയുടെയും കൊലപാതകങ്ങൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട അര ദശലക്ഷത്തിലധികം പേജുകളുള്ള സർക്കാർ രേഖകളുടെ പരസ്യമാക്കലിന് അവർ നേതൃത്വം നൽകി.  

ഗബ്ബാർഡിന്റെ നേതൃത്വത്തിൽ, മയക്കുമരുന്ന് ഭീകരതയുമായി ബന്ധമുള്ള 10,000-ത്തിലധികം വ്യക്തികളെ 2025-ൽ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് ദേശീയ ഭീകരവിരുദ്ധ കേന്ദ്രം തടഞ്ഞുവെന്നും അത്തരം 85,000-ത്തിലധികം വ്യക്തികളെ ഭീകര നിരീക്ഷണ പട്ടികയിൽ ചേർത്തുവെന്നും റിപ്പോർട്ട് പറയുന്നു.

ഇന്ത്യൻ വംശജനായ എഫ്.ബി.ഐ. ഡയറക്ടർ കാഷ്  പട്ടേലിന്റെ നിലനില്പും ഇപ്പോൾ ചർച്ചാ വിഷയമായിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക