
എറണാകുളം: മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയിൽ നാളെ കുടിയൊഴിപ്പിക്കൽ നടപടികൾ ഉണ്ടാകില്ലെന്ന് മന്ത്രി റോജി എം ജോൺ. മലയിടംതുരുത്തിലെ താമസക്കാർക്ക് ഒപ്പമാണ് സർക്കാരെന്നും ഈ വിഷയത്തിൽ സർക്കാർ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി റോജി എം ജോൺ, കുന്നത്ത്നാട് എംഎൽഎ വി.പി. സജീന്ദ്രൻ, ജില്ലാ കളക്ടർ, റൂറൽ എസ്പി എന്നിവരുടെ സാന്നിധ്യത്തിൽ കോളനി നിവാസികളുമായി നടത്തിയ നിർണായക ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
കേസ് നടത്തിപ്പിൽ ചില വീഴ്ചകൾ പറ്റിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, സർക്കാർ നേരിട്ട് കോടതിയിൽ ഇടപെടുമെന്നും ഉറപ്പുനൽകി. ഒരു കാരണവശാലും കുടുംബങ്ങൾ പെരുവഴിയിലാകില്ല. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ പോലും ഈ കുടുംബങ്ങളെ സർക്കാർ പൂർണ്ണമായി പുനരധിവസിപ്പിക്കും. കോടതി കമ്മീഷന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിലല്ലെങ്കിലും നാളെ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ഒഴിപ്പിക്കൽ നടപടികളും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഈ വിഷയത്തിൽ പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാൻ സിപിഎം ശ്രമിച്ചതായി എംഎൽഎ വി.പി. സജീന്ദ്രൻ ആരോപിച്ചു. കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു