
വയനാട് ഉരുൾപൊട്ടൽ പുനരധിവാസ ഫണ്ട് കെപിസിസി തട്ടിയെടുത്തു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ദീപ്തി മേരി വർഗീസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. കോൺഗ്രസിനും യുഡിഎഫിനും എതിരെ ബോധപൂർവ്വം വ്യാജ സ്‌ക്രീൻ ഷോട്ടുകൾ നിർമ്മിച്ച് പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, മുൻപ് ഡിജിപിക്ക് നൽകിയ പരാതിയിലെ അന്വേഷണം വേഗത്തിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ലാഭത്തിനായി ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഈ വ്യാജപ്രചാരണം വ്യാപകമായി നടന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നേരത്തെ തന്നെ ഡിജിപിക്ക് പരാതി നൽകിയിരുന്നതായി ദീപ്തി മേരി വർഗീസ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഈ പരാതിയിന്മേലുള്ള അന്വേഷണം ദ്രുതഗതിയിലാക്കണമെന്നും കുറ്റക്കാരെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ദീപ്തി മേരി വർഗീസ് ഇപ്പോൾ ആഭ്യന്തര മന്ത്രിയെ നേരിട്ട് സമീപിച്ചത്.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട രമേശ് ചെന്നിത്തല, സംഭവത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ ഡിജിപിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു