
ന്യൂഡൽഹി: യുക്രൈൻ യുദ്ധത്തിൻ്റെ ഭാഗമായി റഷ്യൻ സൈന്യത്തിൽ ചേർന്നത് 217 ഇന്ത്യൻ പൗരന്മാരെന്ന് കേന്ദ്ര സർക്കാർ. 49 പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ റഷ്യയുമായി നടത്തിയ നയതന്ത്ര ചർച്ചകളുടെ ഭാഗമായി 139 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചു. ആറ് പേരെ കാണാതായതായി സ്ഥിരീകരിച്ചതായും കേന്ദ്ര സർക്കാർ അറിയിച്ചു.
അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനെയാണ് റഷ്യൻ സൈന്യത്തിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ വിവരങ്ങൾ പങ്കുവച്ചത്. സുപ്രീം കോടതിയെ സമീപിച്ച 26 ഇന്ത്യക്കാരിൽ 14 പേർ മരിച്ചു. 11 പേരെ കാണാതായതായും ഒരാൾ ക്രിമിനൽ കുറ്റത്തിന് തടവിലാക്കപ്പെട്ടതായും കേന്ദ്രം അറിയിച്ചു. എട്ട് പേരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് തിരികെ നൽകിയതായും സർക്കാർ അറിയിച്ചു.
ചില മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധമാണ് ലഭിച്ചതെന്ന് കുടുംബങ്ങൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഇവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും യുവാക്കളെ റഷ്യയിലേക്ക് കടത്തിയതായി ആരോപിക്കപ്പെടുന്ന ഏജന്റുമാർക്കെതിരെ നടപടിയെടുക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിനായി കുടുംബാംഗങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നതിന് സർക്കാർ പിന്തുണ നൽകുന്നുണ്ട്. കാണാതായവരെ കണ്ടെത്താനും മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാനുമായി 21 പേരുടെ അടുത്ത ബന്ധുക്കളുടെ ഡിഎൻഎ റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ റഷ്യയ്ക്ക് കൈമാറിയിട്ടുണ്ട്.