Image

യുപിഎസ്സി സിവിൽ സർവീസ് പ്രാഥമിക പരീക്ഷ 24ന്

Published on 22 May, 2026
യുപിഎസ്സി സിവിൽ സർവീസ് പ്രാഥമിക പരീക്ഷ  24ന്

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രാജ്യമെമ്പാടുമായി നടത്തുന്ന സിവിൽ സർവീസ് ഒന്നാംഘട്ട (പ്രാഥമിക) പരീക്ഷ 2026 മെയ് 24ന് നടക്കും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് നഗരങ്ങളിലായി ക്രമീകരിച്ചിട്ടുള്ള വിവിധ കേന്ദ്രങ്ങളിലായി ഏകദേശം 21,000 ഉദ്യോഗാർഥികൾ പരീക്ഷ എഴുതിയേക്കും.

രാവിലെ 9.30 മുതൽ 11.30 വരെയും, ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെയുമായി രണ്ട് സെഷനുകളായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിനായി യുപിഎസ്സിയും കേരള സർക്കാരും ചേർന്ന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പോലീസ് സുരക്ഷ, പൊതുഗതാഗത സൗകര്യങ്ങൾ, തടസ്സമില്ലാത്ത കുടിവെള്ള - വൈദ്യുതി വിതരണം എന്നിവ വിവിധ സർക്കാർ ഏജൻസികൾ വഴി ഉറപ്പാക്കിയിട്ടുണ്ട്.

പരീക്ഷാ സമയത്തിന് ഒരു മണിക്കൂർ മുൻപായി ഉദ്യോഗാർഥികൾ പരീക്ഷ കേന്ദ്രത്തിലെത്തിച്ചേരേണ്ടതാണ്. രാവിലെയുള്ള സെഷൻ എഴുതുവാൻ 8.30 നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കായി 1.30നും മുൻപായി നിശ്ചിത പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കണം. പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപ് (രാവിലെ 9.00 മണിയ്ക്കും ഉച്ചയ്ക്ക് ശേഷം 2.00 മണിയ്ക്കും) പരീക്ഷാകേന്ദ്രത്തിലേയ്ക്കുള്ള പ്രവേശനം അവസാനിപ്പിക്കുന്നതാണ്. അതിനുശേഷം ഹാജരാകുന്ന ആരെയും പരീക്ഷയെഴുതാൻ അനുവദിക്കുന്നതല്ല. അതിനാൽ അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിന്റെ ലൊക്കേഷൻ നേരത്തെ അറിഞ്ഞുവെയ്ക്കേണ്ടതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക