
നല്ല ഉറക്കത്തിലായിരുന്ന താൻ എന്തോ ദുസ്വപ്നം കണ്ട് ഞെട്ടിയുണർന്നു. കണ്ടത് സ്വപ്നമാണെന്നറിഞ്ഞിട്ടും അത് ഓർത്തെടുക്കുവാൻ ശ്രമിച്ചു. ഒന്നും ഓർമ്മയിൽ വരുന്നില്ല. പേടിമൂലം ശരീരം വിറക്കുന്നതുപോലെ. ചുറ്റും കണ്ണോടിച്ചു നോക്കി. ആരെയും കാണുന്നില്ല. ഇടുങ്ങിയ മുറിയുടെ വെള്ളതേച്ച ചുമരുകൾ കാലപ്പഴക്കത്താൽ മുഷിഞ്ഞിരിക്കുന്നു.
രാത്രി ഏറെ വൈകിയിട്ടും നിലക്കാതെ വരുന്ന ആംബുലൻസുകളുടെ സൈറനുകൾ കേട്ടുകൊണ്ടിരിക്കുന്നു. ആക്‌സിഡന്റായി വരുന്നവരെയും കൊണ്ട് ഇടനാഴിയിലൂടെ എമർജൻസി റൂമിലേക്കോടുന്ന ജീവനക്കാരോടൊപ്പം അലമുറയിടുന്ന ബന്ധുക്കൾ. എങ്ങും ചോര മണക്കുന്നു.
തല ചുറ്റുന്നു. കോളിംഗ് ബെല്ലിൽ കൈ അമർത്തുവാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ല. എന്തെങ്കിലും ശബ്ദം വെക്കണമെന്ന് തോന്നിയെങ്കിലും ഒന്നും പുറത്തേക്കു വരുന്നില്ല. മുകളിലേക്ക് തന്നെ നോക്കി ശ്വാസമടക്കി കിടന്നു.
ശക്തമായി കറങ്ങുന്ന സീലിംഗ് ഫാൻ സീലിങ്ങിൽ വൃത്തം വരച്ചുകൊണ്ടിരിന്നു. മച്ചിന്റെ മൂലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മാറാലകൾ കാറ്റിനൊപ്പം നൃത്തം വെക്കുന്നു.
മുറിയുടെ തറ വൃത്തിയാക്കുവാൻ ഉപയോഗിച്ച ഡറ്റോളിന്റെ രൂക്ഷമായ ഗന്ധം. എങ്കിലും ചോര മണക്കുന്നതിലും ഭേദമാണല്ലോ എന്ന് തോന്നി. വേദന സംഹാരികൾ വീണ്ടും മയക്കത്തിലേക്ക് വലിച്ചിഴച്ചു.
“സുജയും, ഭർത്താവും, കുട്ടികളും വേനലവധിക്ക് നാട്ടിൽ വന്നിട്ടുണ്ട്. ചേച്ചിയമ്മക്ക് ഇപ്പോൾ പഴയതുപോലെയൊന്നും വെച്ച് വിളമ്പാൻ വയ്യ. അവർ ഉണ്ടാക്കിത്തരുന്നത് കഴിക്കാൻ മാത്രം ചെന്നിരുന്നാൽ പോരാ. കുക്കിംഗിനു സഹായിക്കണം”. പെട്ടികൾ പാക്ക് ചെയ്യുന്നതിനിടെ സുമ പറഞ്ഞു.
“നമ്മുടെ തറവാട് ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണല്ലോ. അവിടെ താമസിച്ചിട്ട് ഇടക്കൊക്കെ ശാന്തയോട് വന്ന് കുക്ക് ചെയ്തു തരാൻ പറഞ്ഞാലോ? പത്തോ അറന്നൂറോ വച്ച് ദിവസം കൊടുത്താൽ മതി”.
“നല്ല ഐഡിയാ”. തന്റെ അഭിപ്രായത്തോട് സുമയും യോജിച്ചു. പിന്നെ എന്തോ ആലോചിച്ചിട്ടെന്നപോലെ സുമ പറഞ്ഞു.
“അത് വേണ്ടിച്ചായ, അവരെ ഇപ്പോഴും കണ്ടാൽ ചെറുപ്പം പോലെയാ. എന്റെ ഇച്ചായനെ എനിക്കറിയ്യാം. പക്ഷെ നാട്ടുകാർ അതുമിതുമെല്ലാം പറഞ്ഞുണ്ടാക്കും. ചുറ്റും പുറവും ഉള്ളവർ ഒരു പണിയും ചെയ്യാതെ അടുത്ത പറമ്പിൽ ഇലയനങ്ങുന്നതും നോക്കിയിരിപ്പാ. ശാന്തയോട് ഇടക്കൊക്കെ വന്ന് ചേച്ചിയമ്മയെ സഹായിക്കാൻ പറഞ്ഞാൽ മതി”.
സുമ പറഞ്ഞത് ശരിയാ. താനത്രക്കു ചിന്തിച്ചില്ല. പിന്നെ കുഞ്ഞിച്ചായനും, ചേച്ചിയമ്മക്കും എന്ത് തോന്നും അവിടെ താമസിക്കാതിരുന്നാൽ.
ഇഷ്ടപ്പെട്ട ഫുഡ് എല്ലാം കഴിക്കണം. നിയന്ത്രിക്കാനും കണ്ണുരുട്ടിക്കാണിക്കാനും സുമ കൂടെയില്ലല്ലോ. പഴയ കൂട്ടുകാരുമൊത്തു അടിച്ചുപൊളിക്കണം. പാക്കിംഗിനിടയിലെ നിശബ്ദതയിൽ താൻ ആശകൾ നെയ്തുകൂട്ടി.
“ഇത്തവണ തനിച്ചായതുകൊണ്ട് നല്ല സൗകര്യമായല്ലോ. സൂക്ഷിച്ചാൽ അവനവനു കൊള്ളാം”. സുമ പറഞ്ഞുവരുന്നതിന്റെ പൊരുൾ മനസ്സിലായി.
“നാട്ടിലെ ഫുഡിന് നല്ല ടേസ്റ്റ് ആണെന്ന് പറഞ്ഞു കണ്ണിൽ കണ്ടതെല്ലാം വാരിവലിച്ചു തിന്നോണം. ഷുഗറും, പ്രഷറും, കൊളസ്ട്രോളും, എല്ലാം ആവശ്യത്തിലേറെയുണ്ടെന്ന കാര്യം മറക്കണ്ട. ചക്കപ്പഴവും, മാമ്പഴവും എന്ന് വേണ്ട എല്ലാത്തരം പഴ വർഗ്ഗങ്ങളും കാണുമ്പോഴേക്കും അതിലേക്ക് കമിഴ്ന്നു വീണോണം”.
ഇതെല്ലം അമിതമായി കഴിച്ചാൽ ഉണ്ടാവുന്ന ആപത്തിന്റെ സൂചന സുമ തുടർന്നുകൊണ്ടിരുന്നു. വെറും പാവമാ. ഉള്ളിലുള്ള സ്നേഹം തുറന്നു കാണിക്കാൻ അറിയാത്ത മുൻശുണ്ഠിക്കാരി.
‘ജെയിംസ് ജെയിംസ് ’ അവർ പതുക്കെ ശരീരത്തിൽ തട്ടി വിളിച്ചു.
ബലപ്പെട്ട് കൺപോളകൾ തുറന്ന് താൻ അവളെ നോക്കി. ഒരു ട്രേയിൽ പലതരം മരുന്നുകളും ഒരു കപ്പ് വെള്ളവുമായി നേഴ്സ് എന്നുതോന്നിക്കുന്ന ഒരു സ്ത്രീ ആണ് അകത്തേക്ക് കടന്നു വന്നിരിക്കുന്നത്.
നെയിം ടാഗ് ഒന്നും കണ്ടില്ല. അവർ സ്വയം പരിചയപ്പെടുത്തിയതുമില്ല. കഴിക്കുവാനുള്ള മരുന്നുകളെക്കുറിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചാൽ ഇഷ്ടപ്പെടില്ല എന്നറിയാവുന്നതിനാൽ താനൊട്ടു ചോദിച്ചതുമില്ല.
“ഡോക്ടറെ ഒന്ന് കാണുവാൻ പറ്റുമോ?“ അത് മാത്രമേ താൻ ചോദിച്ചൊള്ളു.
“പതിനൊന്ന് മണിക്ക് ശേഷം റൗണ്ട്സിനു വരും"
ഒട്ടും ഇഷ്ടമില്ലാത്തൊരു ജോലി ചെയ്യുന്ന പോലെ തോന്നും അവരുടെ പെരുമാറ്റം കണ്ടാൽ.
സുമ പറയാറുണ്ട് അവരുടെ ആശുപത്രിയിലെ ജോലിത്തിരക്കിനെക്കുറിച്ച്. എട്ടും ഒൻപതും മണിക്കൂർ കൊല്ലിച്ചു ജോലി ചയ്യിക്കും. കൂടാതെ രോഗികളുടെയും അവരുടെ ബന്ധുക്കളുടേയും ആവശ്യങ്ങളും ആജ്ഞകളും മുഴുവൻ അനുസരിക്കണം. ഇല്ലെങ്കിൽ സ്ട്രീറ്റിൽ നിന്നും വരുന്നവനും പറയുന്നത് ‘ലെറ്റ് മി ടോക്ക് ടു മൈ ലോയർ’ എന്നാണ്. അവർ അവരുടെ ജീവിതത്തിൽ ഒരു ലോയറെ കണ്ടിട്ടുപോലും ഉണ്ടാവില്ല.
മരുന്നുകൾ കഴിച്ചതോടെ മയക്കം തുടങ്ങി. അധികം ചോദ്യങ്ങളൊന്നും ചോദിക്കാതിരിക്കാനായി
രിക്കും ഇങ്ങനെ മയക്കുന്നത്.
“ഇനി എന്തെങ്കിലും എടുത്തുവെക്കാൻ ഉണ്ടോന്ന് ഓർത്തു നോക്ക്. മരുന്നെല്ലാം എടുത്തു വച്ചില്ലേ?“. സുമ പറഞ്ഞത് ഓർത്തുപോയി.
മരുന്ന് കൊണ്ടുവന്ന് വായിലേക്ക് ഇട്ടിട്ടു പോവുകയല്ലേ. ചോദ്യവുമില്ല ഉത്തരവുമില്ല. എന്തെങ്കിലും ചോദിച്ചാൽ ‘ഇത് നിങ്ങടെ അമേരിക്കയല്ല, അമേരിക്കക്കാർക്കെന്താ കൊമ്പുണ്ടോ' എന്ന രീതിയിലാകും ഉത്തരം. ആർക്കാ അറിയാത്തത് അസൂയ കൊണ്ടാണെന്ന്. ഇവിടം വിടുന്നത് വരെ എങ്ങനെയും സഹിക്കുക.
“അവിടെ ചെന്നിട്ട് കാറൊന്നും ഓടിക്കാൻ പോയേക്കരുത്. പോരുന്നത് വരെ ജിനുവിനെ ഏർപ്പാടാക്കിയാൽ മതി. അവനാവുമ്പോൾ നമ്മുടെ സ്വന്തം പോലെയാണ്”.
“ഞാനെന്താ കാറ് ആദ്യമായിട്ട് കാണുന്നതാ?
അമേരിക്കക്കു പോരുന്നതിനു മുൻപേ ഞാൻ നാട്ടിൽ കാർ ഓടിക്കുമായിരുന്നു. പിന്നെ അവന്റെ വാചകമടി കേട്ട് ബോറടിക്കും. തുടക്കം മുതൽ ഒടുക്കം വരെ ഡ്രൈവിങ്ങിനിടെ പുളുവടിയാ. കഴിഞ്ഞ തവണ കാറിലിരുന്ന് നമ്മൾ എന്തോ സംസാരിച്ചപ്പോൾ പലതിനും ഉത്തരം പറയുന്നത് അവനാ. ഡ്രൈവർ ഡ്രൈവറുടെ പണി ചെയ്താൽ പോരെ?“
“ഇച്ചായാ, അത് പിന്നെ നാട്ടിൽ അങ്ങനെയാ. എല്ലാവരും എല്ലാകാര്യങ്ങളിലും ഇടപെടും. അതൊന്നും കണ്ടില്ല കേട്ടില്ല എന്നങ്ങു നടിച്ചാൽ മതി”. സുമ ജിനുവിന്റെ പക്ഷം പിടിച്ചു.
“ഇത്തവണ എന്തായാലും കുഞ്ഞിച്ചായന്റെ കാറ് ഞാനങ്ങു ഓടിച്ചു നോക്കാൻ പോവ്വാ. അതാണെങ്കിൽ ഓട്ടോമാറ്റിക്കും ആണ്.“
“അതൊന്നും വേണ്ടാ. അവിടത്തെ ഡ്രൈവിംഗ് ഇവിടത്തെപ്പോലെ അല്ലല്ലോ. ഒന്നാമത് സൈഡ് ലെഫ്റ്റും, റൈറ്റും കൺഫ്യൂഷൻ വരും. പിന്നെ ആരും യാതൊരു നിയമവും പാലിച്ചല്ല ഓടിക്കുന്നത്. വല്ല ആക്‌സിഡന്റും വന്ന് അവിടത്തെ ആശുപത്രിയിൽ കിടക്കുന്ന കാര്യം ഒന്ന് ആലോചിച്ചു നോക്കിക്കെ. വല്ലതും സംഭവിച്ചു കഴിഞ്ഞാൽ ഞാനും പറക്കമുറ്റാത്ത രണ്ടു പിള്ളേരും!”
“അതിനല്ലിയോ ഞാൻ ഒരു മില്യന്റെ ഇൻഷുറൻസ് എടുത്തിരിക്കുന്നത്".
ഒന്നും മിണ്ടാതെ ശുണ്ഠി പിടിച്ച് സുമ അകത്തേക്ക് പോയി.
തന്റെ തമാശ അസ്ഥാനത്തായി പോയി. അല്പം പോലും നർമ്മം ആസ്വദിക്കാൻ കഴിവില്ലാത്തൊരു സാധനം. അനുനയിപ്പിക്കാൻ ഇപ്പോൾ തുനിഞ്ഞാൽ അരിശം കൂടുകയേയുള്ളു. കുറച്ചു നേരം മുഖം കറുപ്പിച്ചിരുന്നിട്ട് തനിയെ വരും.
അടഞ്ഞു കിടന്ന ഡോർ മെല്ലെ ഒന്നു തട്ടിയിട്ട് ഡോക്ടർ അകത്തേക്ക് കടന്നു വന്നു. ഡോക്ടർ ആയതിനാലാവും അങ്ങനെയൊരു മര്യാദ കാണിച്ചത്. കൂടെ ആദ്യം വന്ന നഴ്സും ഉണ്ട്.
“ഹലോ മിസ്റ്റർ ജെയിംസ് ഹൗ ആർ യു?”
ഉത്തരമൊന്നും കൊടുക്കുന്നതിനു മുന്നേ പതിവു പോലെ കൺപോളകൾ വിടർത്തി കണ്ണും, വായയും പരിശോധിച്ചു. സ്റ്റെതസ്കോപ്പ് വച്ച് ഹാർട്ട് ബീറ്റെല്ലാം നോക്കി. കട്ടിലിന്റെ തലക്കൽ തൂക്കിയിട്ടിരിക്കുന്ന ചാർട്ടിൽ എന്തൊക്കെയോ കുറിക്കുകയും ചെയ്തു.
“ജെയിംസിന് എന്തോ ചോദിക്കുവാനുണ്ടെന്നു തോന്നുന്നു ചോദിച്ചോളൂ”. പോകുവാൻ ഡോക്ടർ തിടുക്കം കാണിച്ചില്ല.
“ഡോക്ടർ ആ ബൈക്കിലെ യാത്രക്കാർ?അവർ ഓകെ ആണോ? അവർക്ക് എന്തെങ്കിലും സാരമായ പരിക്കുണ്ടോ? എന്താണ് എനിക്ക് സംഭവിച്ചത്? എന്നോട് എല്ലാം തുറന്ന് പറയൂ. ഞാൻ പത്തിരുപതു വർഷം വിദേശത്തു ജീവിച്ച് ജീവിതം എന്തെന്ന് അറിഞ്ഞ ആളാ. എന്താ ഇവിടത്തെ ഡോക്ടർമാരും നേഴ്‌സുമാരും ഇങ്ങനെ?“
“മിസ്റ്റർ ജെയിംസ്, നിങ്ങളോട് ഞാൻ എല്ലാകാര്യങ്ങളും ഇന്ന് തുറന്നു പറയുവാൻ ഇരിക്കുകയായിരുന്നു. ചില ടെസ്റ്റുകളുടെ റിസൾട്ട് ഇന്ന് ലഭിച്ചതേയുള്ളു. നിങ്ങൾ ഉദ്ദേശിക്കുന്നതുപോലെയല്ല ഞങ്ങൾ ഇവിടത്തെ ഡോക്ടർമാരും നേഴ്സ്മാരും. ഒന്നാമത് രോഗിക്കോ രോഗിയുടെ ബന്ധുക്കൾക്കോ മെഡിക്കൽ ഫീൽഡുമായി യാതൊരു അറിവും കാണുകയില്ല. എന്നാൽ എല്ലാം അറിയാം എന്നൊരു ഭാവവും. അല്പസ്വല്പം മുറി അറിവുകൾ കാണുകയും ചെയ്യും. ഒന്നും അറിയാത്തവരോടും എല്ലാം അറിയാവുന്നവരോടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ എളുപ്പമാണ്. മുറി അറിവുകാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ വിഷമവും. ഇനി ജെയിംസിനോട് ഒന്ന് രണ്ടു കാര്യങ്ങൾ ഞാൻ പറഞ്ഞോട്ടെ? ഇതുപോലുള്ള കാര്യങ്ങൾ ഞങ്ങൾ രോഗികളോട് നേരിട്ട് പറയാറില്ല. നിങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടു മാത്രം. നിങ്ങളുടെ കൈ കാലുകൾക്ക് അല്പം ശേഷിക്കുറവ് സംഭവിച്ചിട്ടുണ്ട്. പ്രഷറും ഷുഗറുമെല്ലാം അല്പം കൂടുതലാണ്. പിന്നെ ആക്‌സിഡന്റിന്റെ ഷോക്ക് കൂടി ആയപ്പോൾ സംഭവിച്ചതാണ്. പേടിക്കേണ്ടാ. മരുന്നുകൾ കൊണ്ടും തെറാപ്പി കൊണ്ടും എല്ലാം ശരിയാക്കാം. ഇവിടെ ചെയ്യാൻ പറ്റാത്തത് പിന്നെ അമേരിക്കയിൽ ചെന്നിട്ടു ചെയ്താൽ മതി”.
ഇതൊന്നും തന്നിൽ വലിയ ചലനമുണ്ടാക്കിയില്ല.
“ആ ബൈക്ക് യാത്രക്കാർ?” താൻ ആരാഞ്ഞു.
“അയാൾക്ക് ഹെൽമറ്റ് ഉണ്ടായിരുന്നതിനാൽ സാരമായിട്ട് ഒന്നും പറ്റിയില്ല. സുഖമായിട്ടു വരുന്നു. പുറകിലിരുന്ന സ്ത്രീ അയാളുടെ ഭാര്യയായിരുന്നു.ഇന്ന് രാവിലെ -“
ഡോക്ടർ മുഴുവൻ പറഞ്ഞില്ല.
മുകളിൽ കറങ്ങുന്ന ഫാനിനേക്കാളും വേഗത്തിൽ തന്റെ തല ചുറ്റുന്നത് പോലെ. തന്റെ തലയിൽ തടവിക്കൊണ്ട് ഡോക്ടർ പറഞ്ഞു ചില പോലീസ് നടപടികൾ എല്ലാമുണ്ട്. ജെയിംസിന് എല്ലാം ഓർത്തെടുക്കുവാൻ കുറച്ചു കൂടി സമയം വേണ്ടിവരും എന്ന് പറഞ്ഞു പോലീസിനെ നിർത്തിയിരിക്കുകയാണ്”.
തനിക്ക് തന്റെ സുമയുടെ സ്ഥാനത്തായിരുന്നില്ലേ അയാൾക്ക് ആ സ്ത്രീ?
തുറന്നിട്ട വാതിലിൽ കൂടി ആരോടും പറയാതെ അകത്തേക്ക് വരുന്ന കാറ്റിനോടൊപ്പം ആരുടെയോ ഫോണിന്റെ റിംഗ് ടോൺ ഒഴുകിയെത്തി
‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ
ഒരു മാത്ര വെറുതെ നിനച്ചു പോയി’.
Read More: https://www.emalayalee.com/vartha/367512