
ഇരു കരകളിലും വസിക്കുന്നവരുടെ സ്വകാര്യ അഹങ്കാരമാണ് വേനൽക്കാലത്തെ മാറാടിപ്പുഴ. വിശാലമായ മണൽപ്പുറം. സജ്ജീവമായ കുളിക്കടവുകൾ. സ്ത്രീകൾക്ക് (സൗഹൃദ)സംഭാഷണത്തിനുള്ള ഒരു വേദി കൂടിയാണ് കുളിക്കടവുകൾ.
വൈകുന്നേരമായാൽ മണൽപ്പുറം ഒരു ഉത്സവപ്പറമ്പായി മാറും. തെളിഞ്ഞ ആകാശം. കൂട്ടം കൂട്ടമായി വാസസ്ഥലം ലക്ഷ്യമാക്കിയുള്ള പക്ഷികളുടെ പ്രയാണം നയനാന്ദകരമായ കാഴ്ചയാണ്.
കോടാനുകോടി നക്ഷത്രങ്ങളെ കോർത്തിണക്കിയ പ്രകാശിത അലങ്കാരം പോലെ, സന്ധ്യ ആകാശത്തെ വർണ്ണാഭമാക്കും. ചന്ദ്രൻ അവരുടെ ഇടയിൽ ഒരു കളിത്തോഴനെപ്പോലെ ഒളിച്ചു കളിക്കുന്നുണ്ടാവും. മഴക്കാലമായാൽ കുളിക്കടവുകൾ മൂകമാകും. പുഴയിലെ വെള്ളം കുതിച്ചുയരും. വേനൽക്കാലത്തു ഒരറ്റത്തുകൂടിമാത്രം നാണംകുണുങ്ങിയായി ഒഴുകിയിരുന്ന നാടൻപെണ്ണ് പിന്നെയൊരഹങ്കാരിയാണ്. സൗഹൃദത്തിൽ കഴിഞ്ഞിരുന്ന ഇരു കരക്കാരെയും ആറു മാസത്തേക്കെങ്കിലും വേർ തിരിച്ചു നിർത്തുവാൻ അവൾ പ്രാപ്തയാകും.
മിക്ക കാര്യങ്ങൾക്കും അക്കരെയുള്ളവർക്ക് ഇക്കരയെ ആശ്രയിക്കണം.ടൗണിലേക്കുള്ള യാത്രാ സൗകര്യം ഇക്കരെ നിന്നുമാണുള്ളത്.
പഞ്ചായത്തു വക കടത്തുകടവുകളും, കഴുക്കോൽ ഊന്നി പുഴ മുറിച്ചു കടക്കുന്ന വലിയ കടത്തുവള്ളങ്ങളുമുണ്ട്. ഇത്തരം കടവുകൾ തമ്മിൽ രണ്ടുമൂന്നു കിലോമീറ്റെർ ദൂരമുണ്ടാകും. ഇതിനിടയിലുള്ളവർ അക്കരയിക്കര കടക്കുവാൻ ചെറു വള്ളങ്ങളെയാണ് ആശ്രയിക്കുന്നത്.
സുകുമാരൻ പുഴയിറമ്പിലെ പുറമ്പോക്കിൽ താമസിക്കുന്നു. മീൻപിടുത്തമാണ് മുഖ്യ തൊഴിൽ. പുഴ മെത്തിയാൽ മീൻപിടുത്തം ദുസ്സഹമാകും. കടത്ത് അപ്പോഴത്തെ ജീവിതോപാധിയാണ്. സുകുമാരന് ഭാര്യ ജാനകിയും പറക്കമുറ്റാത്ത രണ്ടു കുട്ടികളുമുണ്ട്. സുകുമാരനില്ലാത്തപ്പോൾ ജാനകിയായിരിക്കും വള്ളത്തിന്റെ അമരത്ത്.
ജാനകി നാട്ടിലെ കള്ളുഷാപ്പിൽ ഒരു പാർട്ട് ടൈം ജോലിക്കു പോകുന്നുണ്ട്. ജോലികഴിഞ്ഞു മടങ്ങുമ്പോൾ ചെറിയൊരു കൂലിയും രണ്ടു കുപ്പി പുളിച്ച കള്ളും പ്രതിഫലമായി ലഭിക്കും. കള്ള് സുകുമാരനുള്ളതാണ്. ജാനകിയെ അവിടെ ജോലിക്കു വിടുന്നതിന്റെ പ്രചോദനം തന്നെ ഈ കള്ളാണ്.
സുകുമാരൻ ഏവർക്കും നല്ലവനാണ്. കഞ്ചാവ് ചേർത്ത പുളിച്ച കള്ള് അകത്തു ചെന്നാൽ അത് തിളച്ചു മറിയും. ഒപ്പം സുകുമാരനും. പിന്നെ ‘വാളെടുത്ത വെളിച്ചപ്പാടാകും’. കൂട്ടിനായി ‘കൊടുങ്ങല്ലൂർ ഭരണിപ്പാട്ടും'.
അടികൊണ്ടും തെറികേട്ടും സഹികെടുമ്പോൾ ജാനകി പറയും “ദാ ഈ ചെരവ എടുത്തും വച്ചും തലക്കോട്ടൊരു മുട്ടും തന്ന് പൊഴേലോട്ടൊരു തള്ളുംവച്ച് തന്നാൽ മൂന്നാംപക്കം വെട്ടിക്കാട്ടുമുക്കിലെ പൊങ്ങാത്തൊള്ളൂ. പിന്നെ ഞാനീ കൊച്ചങ്ങളെ ഓർത്തിട്ടും വച്ചിട്ടാ.”
കള്ളിന്റെ കെട്ടടങ്ങുമ്പോൾ സുകുമാരൻ കഴിഞ്ഞതെല്ലാം മറക്കും. ജാനകിയെ ജീവനുതുല്യം സ്നേഹിക്കും. അവരുടെ അരിശമെല്ലാം ആ സ്നേഹത്തിൽ അലിഞ്ഞില്ലാതാവും.
അഞ്ചോ ആറോ പേർക്ക്മാത്രം ഇരുന്നു യാത്രചെയ്യാവുന്നത്ര വലുപ്പമേ സുകുമാരന്റെ വള്ളത്തിനുള്ളു.
ഒരു കൈയ്യിൽ മാറോടു ചേർത്ത് പിടിക്കുന്ന പുസ്തകങ്ങളും മറുകയ്യിൽ നിവർത്തിപ്പിടിച്ച കുടയുമായി നിന്നുമാത്രം യാത്ര ചെയ്യുന്ന ഒരു പെൺകുട്ടി സുകുമാരന്റെ വള്ളത്തിലെ സ്ഥിരം യാത്രക്കാരിയാണ്. വള്ളം ചെറുതാണെങ്കിലും നിന്ന് യാത്ര ചെയ്യുവാനുള്ള പ്രാക്ടീസ് പെൺകുട്ടിക്കുണ്ട്.
നിറഞ്ഞൊഴുകുന്ന പുഴയിലെ ഒഴുക്കിനെ കീറിമുറിച്ചു വള്ളം മറുകരയെത്തുവാൻ നന്നേ ആയാസ്സപ്പെടണം. ശക്തിയായി വള്ളം തുഴയുമ്പോഴുണ്ടാകുന്ന താളം വള്ളത്തെ ഒരു പ്രത്യേക രീതിയിൽ പൊങ്ങിയും താണും ചലിപ്പിച്ചുകൊണ്ടിരിക്കും. ആ താളത്തിനൊത്തു അനായാസമായി നിന്നുതന്നെ യാത്ര ചെയ്യുവാൻ പെൺകുട്ടി സമർത്ഥയായിരുന്നു. അങ്ങനെയാണ് താൻ ആ കുട്ടിയെ ശ്രദ്ധിക്കുവാൻ തുടങ്ങിയത്. അതൊരു പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലമായിരുന്നു. പെൺകുട്ടി കടത്തു കടക്കുവാൻ വരുന്ന സമയം പറമ്പിന്റെ അറ്റത്തു പുഴയോരത്തു ഒന്നുമറിയാത്ത മട്ടിൽ നിൽക്കുന്നത് താനൊരു പതിവാക്കി.
കടത്തുകയറി പറമ്പ് മുറിച്ചു ഇടവഴിയിലൂടെ ബസ്‌സ്റ്റോപ്പിലേക്ക് പോകുന്ന പെൺകുട്ടിയുടെ ചന്തത്തിലുള്ള ആ നടപ്പ് വളവ് തിരിയുന്നത് വരെ കാണാമറയത്തു നോക്കി നിൽക്കും. പിന്നെ ഊണിലും ഉറക്കത്തിലും ആ രൂപം മനസ്സിലേക്ക് ഓടിയെത്തും.
ഫുൾസ്‌കേർട്ടും, ശരീരത്തിന്റെ ആകൃതിക്കൊത്തു തയ്‌ച്ചെടുത്ത ബ്ളൗസ്സുമായിരുന്നു മിക്കപ്പോഴും പെൺകുട്ടിയുടെ വേഷം. അരക്കെട്ടുവരെ ഇറങ്ങിക്കിടക്കുന്ന ബ്ലൗസിന്റെ അരികുകളിലും കൈകളിലും, പാവാടയുടെ അറ്റത്തും വീതിയുള്ള ബോഡറുകൾ പിടിപ്പിച്ചിരുന്നു. കണങ്കാൽ വരെ ഇറങ്ങിക്കിടക്കുന്ന പാവാട സ്വർണക്കൊലുസുകളെ മറച്ചിരുന്നില്ല. അധികം നീളത്തിലല്ലാത്ത ചുരുണ്ട മുടി രണ്ടായി പകുത്തു അറ്റത്തു റിബ്ബൺ കെട്ടിയിരുന്നു. വാലിട്ടെഴുതിയ വലിയ കണ്ണുകളും, മുക്കുത്തിയും, നുണക്കുഴിയും ആരെയും ആകർഷിക്കും. പെൺകുട്ടിയെ നേരിൽകണ്ട് സംസാരിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. ദിവസങ്ങൾ പലത് കടന്നു പോയിട്ടും അത് സാധിച്ചില്ല.
രാത്രി മുഴുവൻ കോരിച്ചൊരിയുന്ന കനത്ത മഴ. ഇടക്കൊക്കെ ഇടിയും മിന്നലും. ഇടവപ്പാതി അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരിക്കുന്നു. കാറ്റ് വീശുമ്പോഴുണ്ടാകുന്ന മരച്ചില്ലകളുടെ ശക്തമായ ഇരമ്പൽ. പക്ഷിമൃഗാദി
കൾ അപായ സൂചകമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്.
രാവിലെയും തോരാത്ത മഴയായതിനാൽ താൻ ബെഡ്‌ഡിൽ തന്നെ വെറുതെ കിടന്നു. അപ്പോഴാണ് പുഴയിൽ നിന്നും ആരുടെയൊക്കെയോ കരച്ചിലും ബഹളവും കേൾക്കുന്നത്.
“ജാനകീടെ വള്ളം മുങ്ങി"
ഇടിമുഴക്കം പോലത്തെ ആ ശബ്ദം കാതുകളിലേക്കും അതോടൊപ്പം തന്റെ നെഞ്ചിലേക്കും തുളച്ചു കയറി.
പുഴതീരത്തേക്കു താൻ കുതിച്ചു പാഞ്ഞു. മിക്കവരും പൊങ്ങിയൊഴുകുന്ന വള്ളത്തിൽ നീന്തിച്ചെന്ന് പിടുത്തമിട്ടിരുന്നു. പതിവായി നിന്നു യാത്ര ചെയ്യുന്ന പെൺകുട്ടിയെ മാത്രം കാണുന്നില്ല.
കുട്ടി മുങ്ങുന്നതും, പൊങ്ങുന്നതും, വീണ്ടും മുങ്ങുന്നതും താൻ കരയിൽ നിന്ന് കണ്ടു. ഉടൻ വെള്ളത്തിലേക്ക് എടുത്തുചാടി. ഒഴുക്കിന്റെ ശക്തിയാൽ ഉദ്ദേശിച്ചിടത്തു നീന്തിയെത്തുവാൻ കഴിയുന്നില്ല. എങ്ങനെയോ പെൺകുട്ടിയുടെ മുടിയിൽ പിടുത്തം കിട്ടി. പ്രാണരക്ഷാർത്ഥം പെൺകുട്ടി തന്നെ വട്ടമിട്ടു പിടിച്ചു. മുടിയിലെ പിടുത്തം വിടാതെ നീന്തിച്ചെന്ന് വെള്ളത്തിലേക്ക് ചാഞ്ഞു കിടക്കുന്ന ഒരു പടർപ്പിൽ പിടുത്തമിട്ടു. അപ്പോഴേക്കും പല വള്ളക്കാർ വന്ന് എല്ലാവരെയും രക്ഷ പെടുത്തി.
നന്നായി നീന്തലറിയാവുന്ന പെൺകുട്ടിയുടെ കാലുകളിൽ പാവാട ചുറ്റിപ്പിടിച്ചതാണ് വിനയായത്. പിന്നെ പെൺകുട്ടി അതുവഴി വരാതെയായി
പരീക്ഷ കഴിഞ്ഞുള്ള തന്റെ അവധിക്കാലം അവസാനിച്ചു. കോളേജിൽ ചെന്ന് രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതേ പെൺകുട്ടി കോളേജ് ലൈബ്രറിയിൽ നിൽക്കുന്നത് കണ്ട് അത്ഭുതപ്പെട്ടുപോയി.
കുട്ടി തന്റെ അടുത്തേക്ക് സ്വാഭാവിക നാണത്തോടെ ഓടി വന്നു. താൻ വലിയൊരു അപകടത്തിൽ നിന്നും രക്ഷ പെടുത്തിയതിന്റെ നന്ദിയും സ്നേഹവും ആ മുഖത്തു വിടരുന്നുണ്ട്.
ഡിഗ്രിക്ക് ചേർന്നിരിക്കുന്നു. സാഹിത്യത്തിൽ നല്ല വാസനയും വായനാശീലവുമുണ്ടെന്നു സംസാരത്തിൽ നിന്നും മനസ്സിലായി.
‘എഴുതാറുണ്ടോ?’ താൻ ആരാഞ്ഞു.
“ഓ അതൊന്നും എന്നെക്കൊണ്ടാവില്ല“
‘പിന്നെ എന്താണ് ഹോബി?’
“അങ്ങനെ ഹോബി എന്നൊന്നും പറയാനില്ല"
‘എന്നാലും?’ സംസാരം നീട്ടുന്നതിനായി താൻ വീണ്ടും ആരാഞ്ഞു. ആരെയും ആകർഷിക്കുന്ന ആ കണ്ണുകൾ എന്തൊക്കെയോ സംസാരിക്കുവാൻ വെമ്പൽ കൊള്ളുന്നത് പോലെ.
“ഡാൻസ് പഠിക്കുന്നുണ്ട്. ചെറുതായി പാടും.“
‘പാടുന്നവരെ എനിക്ക് വലിയ ഇഷ്ടാ’
അത് കേട്ടപ്പോൾ നുണക്കുഴി വിടർത്തി നാണത്തോടെ കുട്ടി ചിരിച്ചു.
‘പേര് പറഞ്ഞില്ലല്ലോ'
“അതിനു ചോദിച്ചില്ലല്ലോ" ഒരു കുറുമ്പത്തിയെപ്പോലെ വീണ്ടും ചിരിച്ചു.
‘എന്നാൽ ഇപ്പോൾ ചോദിക്കുന്നു എന്താ കുട്ടീടെ പേര്?’ താൻ അല്പം ഗൗരവം നടിച്ചു.
“രമാദേവി"
‘എന്താ ആ വഴിയൊന്നും പിന്നെ കണ്ടില്ലല്ലോ. പേടിച്ചു പോയോ?‘
“ഉം ശരിക്കും പേടിച്ചു പോയി. പുഴ വറ്റുന്നതു വരെ ഹോസ്റ്റലിൽ നിൽക്കാമെന്ന് കരുതി. അതല്ലാതെ അച്ഛൻ സമ്മതിക്കുന്നില്ല.”
‘ഞാൻ പിടിച്ചു കയറ്റുവാൻ വേണ്ടി വള്ളം മനഃപൂർവ്വം മുക്കിയതല്ലേ?’
“ഞാൻ പറഞ്ഞോ പിടിച്ചു കയറ്റണമെന്ന് ?” പ്രണയം തുളുമ്പുന്ന വാക്കുകൾ.
യാദൃശ്ചികമായും അല്ലാതെയും കോളേജിന്റെ ഇടവഴികളിലും, ലൈബ്രറയിലും കണ്ടുമുട്ടുമ്പോൾ പുസ്തകങ്ങളും സാഹിത്യവുമൊക്കെയാവും സംസാര വിഷയം.
തന്റെ ചുരുക്കം ചില രചനകൾ ആനുകാലികങ്ങളിൽ അച്ചടിച്ച് വരുന്നത് ആദ്യം കാണുന്നത് രമാദേവി ആയിരിക്കും. പിന്നെ അതിനെക്കുറിച്ചാവും സംസാരം.
ഒരിക്കലും തങ്ങൾ പ്രണയത്തെക്കുറിച്ചു സംസാരിച്ചിരുന്നില്ല. പ്രണയലേഖനങ്ങൾ എഴുതിയിരുന്നില്ല. ചിലപ്പോഴൊക്കെ ആ കണ്ണുകൾ പ്രണയാന്ദ്രമാകുന്നത് താൻ ശ്രദ്ധിച്ചിട്ടുണ്ട്.
ദിവസങ്ങൾ ആഴ്ചകൾക്കും, ആഴ്ചകൾ മാസങ്ങൾക്കും വഴിമാറിക്കൊടുത്തു കൊണ്ടിരുന്നു. അതോടൊപ്പം തങ്ങളുടെ സൗഹൃദവും വളർന്നു.
ആ വർഷത്തെ കോളേജ് മാഗസിന്റെ സൃഷ്ടിയിൽ ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ സൗഹൃദ ത്തിനു ആക്കം കൂടി.
ഫൈനൽ കഴിഞ്ഞു താൻ കലാലയം വിട്ടു. എങ്കിലും നല്ലൊരു സുഹൃത്തായി രമാദേവി ഹൃദയത്തിൽ കയറിപ്പറ്റിയിരുന്നു.
വേനലും വർഷവും ക്രമം തെറ്റാതെ വന്നുകൊണ്ടിരുന്നു. കാലത്തിനൊപ്പം പുഴ നിറഞ്ഞും വരണ്ടും അതിന്റെ ചക്രം മുന്നോട്ടുരുണ്ടു.
ചിങ്ങമാസത്തിലെ തെളിഞ്ഞ ആകാശമുള്ള ഒരു ദിവസം. അപ്പോഴും പുഴ നിറഞ്ഞുതന്നെ ഒഴുകുന്നു. പതിവു പോലെ പുഴവക്കിൽ പോയി കുറെ നേരം കടത്തു കടക്കുന്നവരെ നോക്കി നിന്നു. ജാനകിയുടെ വള്ളം അക്കരക്കും ഇക്കരക്കും പൊയ്ക്കൊണ്ടിരുന്നു. നീളൻ പാവാടയിട്ട - നിന്നു മാത്രം യാത്ര ചെയ്യുന്ന പെൺകുട്ടി - രമാദേവി മനസ്സിലേക്കോടി വന്നു.
“നിനക്കൊരു രജിസ്റ്റർ കത്തുമായി പോസ്റ്റുമാൻ കാത്തു നിൽക്കുന്നു.” അമ്മ വിളിച്ചു പറഞ്ഞു.
വല്ലപ്പോഴും പത്ര ഓഫീസിൽ നിന്നു വരുന്ന കത്തല്ലാതെ ആര് കത്തയക്കാൻ?. വല്ല അപ്പോയ്ന്റ്മെന്റ് ലെറ്ററും ആയിരിക്കുമോ?.
മനോഹരമായ കൈയ്യക്ഷരത്തിൽ മേൽവിലാസം എഴുതിയിരിക്കുന്നു. പരിചിതമായ അക്ഷരങ്ങൾ. ആകാംക്ഷയോടെ കത്ത് പൊട്ടിച്ചു. തന്നെ ഒന്നും സംബോധന ചെയ്തിട്ടില്ല.
“ഡിഗ്രിക്ക് നല്ല മാർക്കുണ്ട്. ബിഎഡ് കഴിഞ്ഞു ഒരു ടീച്ചർ ആകണമെന്നായിരുന്നു ആഗ്രഹം. കല്യാണം കഴിച്ചുവിടുവാൻ അച്ഛൻ ധൃതി വെക്കുന്നു. പല ആലോചനകളും വരുന്നുണ്ട്. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു വക്കീലിനെക്കൊണ്ട് കെട്ടിച്ചേ അടങ്ങു എന്നാണ് അച്ഛന്റെ വാശി. എനിക്കതു ചിന്തിക്കാനേ പറ്റുന്നില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്?. എനിക്ക് അനുകൂലമായ ഒരു മറുപടി പ്രതീക്ഷിച്ചുകൊണ്ട് ———- രമാദേവി"
താനെന്തു മറുപടി കൊടുക്കും?. ആ കുട്ടിക്ക് തന്നോട് പ്രണയമായിരുന്നോ?. ഒരിക്കൽ പോലും തങ്ങൾ ആ രീതിയിൽ സംസാരിച്ചിട്ടില്ല. ചില പെൺകുട്ടികൾക്ക് ഒളിച്ചുവച്ചുള്ള അഗാധ പ്രണയമായിരിക്കുമെന്ന് ചില കഥകളിൽ വായിച്ചിട്ടുണ്ട്.
തനിക്കങ്ങനെ ചിന്തിക്കുവാനെ പറ്റുന്നില്ല. ഒന്നാമത് ഒരു ജോലിയായി സ്വയം പര്യാപ്തത ആയിട്ടില്ല. ആപ്ലിക്കേഷൻ അയക്കുന്നതിന്റെ ചെലവിന് പോലും വീടിനെ ആശ്രയിക്കണം. ഇതിലൊക്കെ ഉപരി വ്യത്യസ്ഥ മതവും.
തന്റെ ഉറ്റ സുഹൃത്തിനോട് ഇക്കാര്യം പങ്കുവെച്ചു. എല്ലാം കേട്ടിട്ട് സുഹൃത്ത് പറഞ്ഞു “
കേട്ടിടത്തോളം രമ പ്രതീക്ഷിക്കുന്നത് നിന്നെയാണ്. നിങ്ങൾ തമ്മിൽ അഗാധ പ്രണയത്തിൽ അല്ലായിരുന്നെങ്കിൽ നിന്റെ സാഹചര്യം വച്ച് മറന്നേക്കുക. രമക്കു നല്ലൊരു ജീവിതം കിട്ടുമ്പോൾ ഈ പ്രണയമൊക്കെ മറക്കും. മറുപടി ഒന്നും അയക്കേണ്ട.”
ഒച്ചിന്റെ വേഗത്തിൽ ദിവസങ്ങൾ ഇഴഞ്ഞിഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു. രണ്ടു മൂന്നാഴ്ച കഴിഞ്ഞപ്പോൾ രമയുടെ ഒരു കത്തുകൂടി വന്നു.
“മറുപടി ഞാൻ പ്രതീക്ഷിച്ചിരുന്നു. ചിലർക്കൊക്കെ ‘മറവി' എന്തൊരു അനുഗ്രഹമാണ് അല്ലേ?. അച്ഛന്റെ നിർബന്ധത്തിനു ഞാൻ വഴങ്ങി. ആ വക്കീലുമായുള്ള കല്യാണം നിശ്ചയിച്ചു. വരുന്ന മാസം പത്താം തിയതി പത്തിനും പതിനൊന്നിനും ഇടക്കുള്ള ‘ശുഭ‘മുഹൂർത്തത്തിൽ പുഴക്കരക്കാവിൽ വച്ചാണ് കല്യാണം. കോളേജിൽ മറ്റാരെയും ഞാൻ ക്ഷണിച്ചിട്ടില്ല. വരണം. പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കും.”
കത്തുവിവരം താൻ സുഹൃത്തുമായി സംസാരിച്ചു.
ക്ഷണിച്ചതല്ലേ! നേരത്തെ ചെന്ന് ആശംസ നേർന്നിട്ട് പെട്ടെന്ന് പോരാമെന്ന തീരുമാനത്തിൽ ഞങ്ങൾ പുറപ്പെട്ടു.
ചുറ്റമ്പലത്തിന്റെ ഒരു ഒഴിഞ്ഞ കോണിൽ രണ്ടുമൂന്ന് കൂട്ടുകാരുമൊത്തു രമ ’പ്രതീക്ഷിച്ചു' നിൽപ്പുണ്ടായിരുന്നു. ആ പ്രദേശത്ത് ഏറെയും സ്ത്രീകൾ ആണ് നില ഉറപ്പിച്ചിരുന്നത്.
ഞങ്ങൾ രമയുടെ അടുത്തേക്ക് ചെന്നു. ഒന്നും സംസാരിക്കുന്നതിനു മുമ്പ് അവർ കരച്ചിലിന്റെ വക്കിലെത്തി.
രംഗം ശുഭമല്ലെന്ന് സുഹൃത്ത് ആംഗ്യം കാണിച്ചു. ഇപ്പോൾ വരാമെന്ന് പറഞ്ഞു ഞങ്ങൾ അവിടം വിട്ടു.
കുറ്റബോധം. ഉറക്കമില്ലാത്ത രാത്രികൾ. പിന്നെ അതൊക്കെ മറക്കുവാനും, ജോലി സംബന്ധമായും നാട് വിടേണ്ടി വന്നു. എങ്കിലും ഒരു ദിവസം പോലും ആ കുട്ടിയെ ഓർക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.
ബിഎഡ് കഴിഞ്ഞു രമയ്ക്ക് കേരളത്തിന്റെ വടക്കൻ ജില്ലയിൽ എവിടെയോ ജോലിയായെന്നും ഭാര്യാ ഭർത്താക്കന്മാർ അങ്ങോട്ട് താമസം മാറ്റിയെന്നും ഒരിക്കൽ ഒരു സുഹൃത്ത് മുഖേന അറിയുവാൻ കഴിഞ്ഞു.
താൻ വിദേശത്തു എത്തിയിട്ട് നാളേറെയായി. ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടാൽ അത് നാടിനെക്കുറിച്ചായിരിക്കും. പുഴയും കടത്തുമെല്ലാം സ്വപ്നത്തിൽ ഓടിയെത്തും.
അടുത്ത കാലത്തു നാട്ടിൽ ചെന്നപ്പോൾ രമയുടെ, നാട്ടിലെ വീടിനടുത്തുള്ള ഒരു പരിചയക്കാരനെ കാണുവാൻ ഇടയായി. അയാൾ എവിടെന്നോ രമയുടെ ഫോൺ നമ്പർ സംഘടിപ്പിച്ചു തന്നു.
ആ നമ്പറിൽ ഒന്ന് വിളിച്ചു നോക്കി.
മറുതലക്കൽ ഫോൺ എടുത്തപ്പോൾ സ്വയം പരിചയപ്പെടുത്തി.
‘രമയാണോ?’
“അല്ല ശാരികയാണ്. മകൾ.“
‘ശാരിക എന്ത് ചെയ്യുന്നു?’
“അമ്മ പഠിപ്പിച്ചുകൊണ്ടിരുന്ന അതേ സ്കൂളിൽ ടീച്ചർ ആണ്. ഭർത്താവും അവിടെത്തന്നെ.“
‘അച്ഛൻ?’
“പത്തു വര്ഷം മുന്നേ ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി"
‘അമ്മ! അമ്മക്കൊന്നു കൊടുക്കാമോ?’
“അമ്മക്ക് മറവി രോഗമാണ്. ഞങ്ങളേപ്പോലും തിരിച്ചറിയില്ല. അടുത്ത കാലം വരെ വലിയ കുഴപ്പമില്ലായിരുന്നു. അച്ഛൻ മരിച്ചപ്പോൾ മുതൽ ചെറുതായി തുടങ്ങിയതാണ്.“
‘ഞങ്ങൾ അവിടെ വരെ വരുന്നത് ബുദ്ധിമുട്ടാകുമോ?എന്റെ ഭാര്യ കൂടെയുണ്ട്. അമ്മയും ഞാനും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഒരു പക്ഷെ തിരിച്ചറിഞ്ഞെങ്കിലോ!. ചെറുപ്പകാലത്തെ സുഹൃത്തുക്കളെ ചിലപ്പോൾ തിരിച്ചറിയുമെന്ന് കേട്ടിട്ടുണ്ട്. ഇല്ലെങ്കിൽ ഒന്ന് കാണുകയെങ്കിലും ചെയ്യാമല്ലോ.‘
“വളരെ സന്തോഷം അങ്കിൾ. ഇത്രയും ദൂരം നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളു. വീക്കെൻഡിൽ വരാമോ?. അപ്പോൾ ഞങ്ങൾക്ക് അവധിയും ആണല്ലോ.”
ശാരി ലൊക്കേഷൻ അയച്ചു തന്നു.
തന്റെ ഭാര്യയോട് താൻ എല്ലാക്കാര്യങ്ങളും നേരത്തേ മുതൽ പറയുമായിരുന്നു. അവർക്കും കൂടെ വരുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
വളവുകളും, തിരിവുകളും, കയറ്റങ്ങളും ഇറക്കങ്ങളുമായി മലയോര പ്രദേശത്തേക്കുള്ളൊരു ഉല്ലാസ യാത്രയുടെ പ്രതീതി. യാത്ര മണിക്കൂറുകൾ നീണ്ടു നിന്നു.
ചെറിയൊരു പട്ടണത്തെ മറികടന്ന് ഗ്രാമീണ സൗകുമാരികത തുളുമ്പുന്ന മനോഹരമായ ഒരു വീടിന്റെ മുറ്റത്ത് കാർ എത്തി.
രോഗത്തിന്റെ അവശതകൾ ഉണ്ടെങ്കിലും കാറിന്റെ ശബ്‌ദം കേട്ടപ്പോൾ മക്കളോടൊപ്പം രമ വാതിൽക്കലേക്ക് വന്നു. തന്നെ മനസ്സിലായി എന്നാണ് മുഖഭാവത്തിൽ നിന്നും വായിച്ചെടുക്കുവാൻ കഴിഞ്ഞത്. കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കല്യാണ ദിവസം പൊഴിക്കാൻ വച്ചിരുന്ന കണ്ണുനീർ ഇത്രയും നാൾ കാത്തു സൂക്ഷിച്ചിരുന്നത് പോലെ.
അടുത്ത നാൾ വരെ നാട്ടിലെ കാര്യങ്ങളെല്ലാം പറയുമായിരുന്നെന്ന് ശാരിക പറഞ്ഞു. അക്കൂട്ടത്തിൽ വള്ളം മുങ്ങിയതും. ഇത് രണ്ടാം ജന്മ്മം ആണത്രേ.
തിരിച്ചു യാത്ര പറഞ്ഞിറങ്ങുമ്പോഴും രമ വാതിൽക്കൽ വന്ന് നോക്കിനിന്നു. പരസ്പരം ഏവരും ആലിംഗനം ചെയ്തു പിരിഞ്ഞു.
കാറിൽ കയറി തിരികെ യാത്ര തുടർന്നപ്പോൾ ഒരു ഇടവപ്പാതി പെയ്തു തീർന്നപോലത്തെ അനുഭൂതി. വർഷങ്ങളായി നെഞ്ചിൽ കയറ്റി വെച്ചിരുന്ന ഒരു വലിയ ഭാരം ഇടവപ്പാതിയിൽ അലിഞ്ഞില്ലാതെയായി. മണിക്കൂറുകൾ താണ്ടി വീടെത്തിയത് അറിഞ്ഞതേയില്ല.
Read More: https://www.emalayalee.com/writer/319