
ഡൽഹി: ഓൺലൈനിൽ ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ചുകൊണ്ട് തരംഗമായി മാറിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്ന കൂട്ടായ്മ വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസം മാത്രമല്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയങ്ങളെക്കുറിച്ചും കോക്രോച്ച് പാർട്ടിയുടെ വളർച്ച വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭരണകൂടത്തോടുള്ള ജനങ്ങളുടെ അതൃപ്തിയും നിരാശയും പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമായി ഇത് മാറിയിരിക്കുകയാണെന്നും, ഈ ജനരോഷത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാൻ പ്രതിപക്ഷത്തിന് മുന്നിൽ വലിയൊരു അവസരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇൻസ്റ്റാഗ്രാമിൽ ബിജെപിയെയും കോൺഗ്രസിനെയും പിന്നിലാക്കി 1.5 കോടിയിലധികം (15 മില്യൺ) ഫോളോവേഴ്സുമായി സിജെപി സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ഇതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന്, ഇതൊരു വലിയ വെളിപ്പെടുത്തലായാണ് തോന്നുന്നതെന്നായിരുന്നു തരൂരിന്റെ മറുപടി. ഇത്തരം കൂട്ടായ്മകളിലൂടെ പൊതുജനങ്ങൾക്ക് അവരുടെ അമർഷവും അതൃപ്തിയും എത്രത്തോളം പ്രകടിപ്പിക്കാൻ സാധിക്കുന്നുണ്ടെന്ന് ഇത് തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
"ഇതൊരു സ്വാഭാവികമായ തുടക്കമായിരുന്നുവെങ്കിലും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്ക് അവരുടെ ആഗ്രഹങ്ങൾ പ്രകടിപ്പിക്കാൻ വിവിധ മാർഗങ്ങളുണ്ടാകുന്നത് ആരോഗ്യകരമായ കാര്യമാണ്. ആക്ഷേപഹാസ്യവും തമാശയും നിറഞ്ഞതും, അതേസമയം അതീവ ഗൗരവമുള്ളതുമായ ഇത്തരം കാര്യങ്ങൾ യുവാക്കളുടെ നിരാശകൾ പുറത്തുവിടാനുള്ള മികച്ച മാർഗമാണ്.
നീറ്റ് പരീക്ഷാ വിവാദം തന്നെയാണ് ഇതിന് പ്രധാന കാരണമായത്. തൊഴിലില്ലായ്മ, ജീവിതത്തിലെ പരിമിതമായ അവസരങ്ങൾ, വിദ്യാഭ്യാസം, വിലക്കയറ്റം എന്നിവയെല്ലാം ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇതിനിടയിൽ യുവാക്കളായ നാല് പേർ ആത്മഹത്യ ചെയ്തുവെന്നും മറ്റു പലരും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്നും ഞാൻ മനസ്സിലാക്കുന്നു. ഇത് വളരെ ഗൗരവമേറിയ കാര്യമാണ്. 'ഞങ്ങൾക്ക് മടുത്തു' എന്നാണ് യുവാക്കൾ പറയുന്നത്. ഈ കൂട്ടായ്മയുടെ എക്സ് ഹാൻഡിൽ പൂട്ടിച്ചു എന്നത് ജനാധിപത്യത്തിന് വലിയ തിരിച്ചടിയാണ്. ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്ക് അവരുടെ അമർഷം രേഖപ്പെടുത്താൻ ഇത്തരം വേദികൾ ആവശ്യമാണ്.
പ്രതിപക്ഷത്തിന്റെ അവസ്ഥയെക്കുറിച്ച് ഇത് എന്താണ് സൂചിപ്പിക്കുന്നതെന്ന ചോദ്യത്തിന്, "മാധ്യമങ്ങൾ എല്ലാ കാര്യങ്ങൾക്കും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് എനിക്ക് കൗതുകകരമായി തോന്നാറുണ്ട്," എന്നായിരുന്നു തരൂരിന്റെ മറുപടി. "നിലവിലെ സാഹചര്യങ്ങൾക്ക് ആത്യന്തികമായി ഉത്തരവാദികൾ സർക്കാരാണ്. അതുകൊണ്ട് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് ഒട്ടും നീതിയല്ല. എന്നാൽ ഈ വിഷയങ്ങളിൽ പ്രതിപക്ഷം ഇടപെടണമെന്ന കാര്യത്തോട് ഞാൻ യോജിക്കുന്നു. പ്രതിപക്ഷം ജനങ്ങളുടെ പ്രതികരണങ്ങൾ കാണുന്നുണ്ട്. നീറ്റ് പരീക്ഷാ വിഷയം പ്രതിപക്ഷം വലിയ രീതിയിൽ ഉന്നയിച്ചിട്ടുണ്ട്. തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രതിപക്ഷം നിരന്തരം ഉയർത്തുന്ന പ്രധാന വിഷയങ്ങളാണ്." അദ്ദേഹം പറഞ്ഞു.
അതേസമയം, തമിഴ്നാട്ടിൽ നടൻ വിജയ് നേടിയ വിജയത്തിന് ഒരു ജൻസി വിജയം എന്ന വിശേഷണം വളരെ കൃത്യമായിരിക്കും എന്നതാണ് സത്യമെന്നും തരൂർ പറഞ്ഞു. "വിജയ്ക്ക് വോട്ട് ചെയ്തവരിൽ വലിയൊരു വിഭാഗം 30 വയസ്സിൽ താഴെയുള്ളവരായിരുന്നു എന്ന് തോന്നുന്നു. പുതിയ തലമുറ മാറ്റങ്ങൾ ആഗ്രഹിക്കുന്നുവെന്നും തങ്ങൾ അനുഭവിക്കുന്ന നിരാശകൾക്ക് പകരമുള്ള വഴികൾ തേടുന്നുവെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.
പ്രതിപക്ഷത്തിന് ഇതിൽ ഒട്ടും അലംഭാവം കാണിക്കാൻ കഴിയില്ല. ഭരണകക്ഷിയോട് മാത്രമല്ല, ജനങ്ങളെ നിരാശരാക്കുന്ന മൊത്തത്തിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയോടും അവർക്ക് അതൃപ്തിയുണ്ടാകാം. നമ്മൾ ഇതിനോട് പ്രതികരിക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംഘടിതമല്ലാത്ത ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്നാലെ ജനങ്ങൾ പോകുന്നതിന് പകരം, ഈ അതൃപ്തിയെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കും വോട്ടിംഗിലൂടെയുള്ള തിരഞ്ഞെടുപ്പ് മാറ്റങ്ങളിലേക്കും നയിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ മുന്നിലുള്ള അവസരം. ഇത്തരം ചിന്താഗതിയുള്ള ആളുകളെ ഞങ്ങൾക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ നമ്മൾ നൽകേണ്ടതുണ്ട്," എന്നും അദ്ദേഹം വ്യക്തമാക്കി