
ഇറാനുമായുള്ള ചർച്ചയിൽ 'അല്പം പുരോഗതി' ഉണ്ടായെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞു. വെള്ളിയാഴ്ച്ച സ്വീഡനിലെ ഹെൽസിംഗ്ബോർഗിൽ നേറ്റോ യോഗത്തിൽ പങ്കെടുത്ത റുബിയോ പക്ഷേ കൂട്ടിച്ചേർത്തത് ഇങ്ങിനെ: "അതേപ്പറ്റി പെരുപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അല്പമൊരു പുരോഗതി ഉണ്ടായിട്ടുണ്ട്, അത്രയും നന്ന്."
അടിസ്ഥാന വിഷയങ്ങൾ മാറ്റമില്ലെന്നു റുബിയോ പറഞ്ഞു. "ഇറാൻ ഒരിക്കലും അണ്വായുധം ഉണ്ടാക്കാൻ പാടില്ല. അവരുടെ സമ്പുഷ്ട യുറേനിയത്തിന്റെ കാര്യം യുഎസിനു ശ്രദ്ധിക്കേണ്ടതുണ്ട്."
ഹോർമുസ് കടലിടുക്കാണ് മറ്റൊരു വിഷയമെന്നും അദ്ദേഹം പറഞ്ഞു.
യുറേനിയം വിട്ടു കൊടുക്കേണ്ടതില്ല എന്നാണ് പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായിയുടെ തീരുമാനമെന്നു സൗദി മാധ്യമം അൽ അറേബ്യ അറിയിച്ചു.
ചർച്ചകൾ തുടരുമ്പോഴും ഇറാനു സമീപം യുഎസ് സേന യുദ്ധത്തിനു സജ്ജമാണെന്നു സെന്റ്‌കോം പറഞ്ഞു. അറബിക്കടലിൽ യുഎസ്എസ് ഏബ്രഹാം ലിങ്കൺ പരമാവധി തയ്യാറാണ്.
പാക്ക് ആഭ്യന്തര മന്ത്രി മുഹ്‌സിൻ നക്വി അതിനിടെ ടെഹ്റാനിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയെ കണ്ടു സംസാരിച്ചു.
Rubio says talks with Iran makes 'slight progress'