
ഇന്ത്യയുമായി ഊർജ രംഗത്തു സഹകരണം വർധിപ്പിക്കയും ക്വാദ് കൂട്ടായ്മ വഴി ഏകോപനം ദൃഢമാക്കുകയും ചെയ്യുമെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ വ്യാഴാഴ്ച്ച പറഞ്ഞു. ഇന്ത്യ മഹത്തായ സഖ്യരാഷ്ട്രവും പങ്കാളിയും ആണെന്നും ക്വാദ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനു ഡൽഹിയിലേക്കു പുറപ്പെടും മുൻപ് റുബിയോ കൂട്ടിച്ചേർത്തു.
മയാമിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ, ഇന്ത്യയിലേക്ക് ഊർജ കയറ്റുമതി വർധിപ്പിക്കാൻ യുഎസ് തയാറാണെന്നു റുബിയോ വ്യക്തമാക്കി. "അവർക്കു വാങ്ങാൻ കഴിയുന്നത്ര നൽകാൻ ഞങ്ങൾ തയാറാണ്."
ഹോർമുസ് കടലിടുക്ക് അടച്ചതു മൂലം ഇന്ത്യ ഊർജരംഗത്തു വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ യുഎസ് ഉത്പാദനം ചരിത്രം സൃഷ്ടിച്ച റെക്കോർഡിലാണ്. കയറ്റുമതിയും. "കൂടുതൽ സഹായം നൽകാൻ ഞങ്ങൾ തയ്യാറാണ്. അതിനു ഇന്ത്യയുമായി ചർച്ച നടത്തുന്നുണ്ട്. ഇന്ത്യയ്ക്കു വേണ്ടി ഞങ്ങൾ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവർ മഹത്തായ സഖ്യരാഷ്ട്രവും പങ്കാളിയുമാണ്."
ഇന്ത്യയിലേക്കുള്ള യാത്ര വലിയ ദൗത്യമാണെന്നു റുബിയോ പറഞ്ഞു. "ഒട്ടനവധി കാര്യങ്ങൾ സംസാരിക്കാറുണ്ട്."
യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവ ഉൾപ്പെട്ട ക്വാദ് പ്രധാനപ്പെട്ട കൂട്ടായ്മയാണെന്നു റുബിയോ പറഞ്ഞു. "സെക്രട്ടറി ആയ ശേഷം ആദ്യത്തെ കൂടിക്കാഴ്ചകൾ ക്വാദ് പങ്കാളികളുമായി ആയിരുന്നു.
Rubio calls India 'great partner, great ally'