Image

എറണാകുളം പാരിയത്ത്കാവിലെ കുടിയൊഴിപ്പിക്കല്‍ ശനിയാഴ്ച്ച പൂര്‍ത്തിയാക്കണം; കര്‍ശന നിര്‍ദേശവുമായി കോടതി

Published on 21 May, 2026
എറണാകുളം  പാരിയത്ത്കാവിലെ കുടിയൊഴിപ്പിക്കല്‍ ശനിയാഴ്ച്ച പൂര്‍ത്തിയാക്കണം; കര്‍ശന നിര്‍ദേശവുമായി കോടതി

കൊച്ചി: എറണാകുളം പാരിയത്ത്കാവിലെ കുടിയൊഴിപ്പിക്കലില്‍ കര്‍ശന നിര്‍ദേശവുമായി കോടതി. ശനിയാഴ്ച്ചയോടെ കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്ന് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ആവശ്യപ്പെട്ടു. നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും നടപടിക്ക് പൊലീസ് സംരക്ഷണം ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആലുവ റൂറല്‍ പൊലീസ് മേധാവിക്കാണ് കോടതിയുടെ നിര്‍ദേശം. 

പാരിയത്ത്കാവിലെ കുടിയൊഴിപ്പിക്കലില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. മൂന്ന് ദിവസത്തിനകം ഡിജിപിയുടെ റിപ്പോര്‍ട്ട് വേണമെന്നാണ് ആഭ്യന്തരമന്ത്രി അയച്ച കത്തില്‍ പറയുന്നത്. പൊലീസ് നടപടികളില്‍ വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്നും സമാന സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങൾ വേണമെന്നും ആഭ്യന്തര മന്ത്രി സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

മെയ് 20 രാവിലെയാണ് എറണാകുളം പാരിയത്ത്കാവ് പട്ടികജാതി ഉന്നതിയില്‍ കുടിയൊഴിപ്പിക്കല്‍ നടപടിയുമായി അതികൃതർ എത്തിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കല്‍. അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. 

കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ടു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി പ്രതിഷേധക്കാർ പറഞ്ഞിരുന്നു. പൊലീസ് അതിക്രമത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയില്‍ മുന്‍പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കുടിയൊഴിപ്പിക്കാന്‍ ഉറച്ചാണ് നടപടികള്‍ തുടങ്ങിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക