
കേരളത്തിലെ കോടതികളിൽ ഭാഷാപരമായ പ്രതിസന്ധി നേരിടുന്നുവെന്നാരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കവെ, കേരളീയരുടെ ഭാഷാപരമായ അഭിരുചിയെക്കുറിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്ത നടത്തിയ പരാമർശം ശ്രദ്ധേയമാകുന്നു. വിവാഹമോചനക്കേസ് കേരളത്തിൽ നിന്ന് പഞ്ചാബിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ട്രാൻസ്ഫർ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
കേരളത്തിലെ കോടതി നടപടികളിൽ ഭാഷ ഒരു തടസ്സമാണെന്ന് യുവതി വാദിച്ചപ്പോൾ, സംസ്ഥാനത്തെ കോടതികളിൽ ഇംഗ്ലീഷിൽ വാദം നടത്തുന്നതിന് ഒരു ബുദ്ധിമുട്ടുമില്ലെന്ന് ഭർത്താവിന്റെ അഭിഭാഷകൻ മറുപടി നൽകി. ഈ സാഹചര്യത്തിലാണ് “കേരളീയർക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും ആ ഭാഷയിൽ സംസാരിക്കാൻ അവർക്ക് താത്പര്യമില്ല” എന്ന് ജസ്റ്റിസ് സന്ദീപ് മേത്ത അഭിപ്രായപ്പെട്ടത്. യുവതിയുടെ ആവശ്യം കോടതി അംഗീകരിക്കുകയും കേസ് കേരളത്തിൽ നിന്ന് പഞ്ചാബിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തു.