
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സാധാരണ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്തിരിക്കുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലാകുന്നത്. പുതിയ നിയമസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോകുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനൊപ്പം വലിയ സുരക്ഷാ സന്നാഹങ്ങളോ അകമ്പടിയോ ഇല്ലാതെയാണ് പിണറായി വിജയൻ റെയിൽവേ സ്റ്റേഷനിൽ ഇരുന്നത്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം സ്റ്റേഷനിൽ എത്തുമ്പോൾ പ്രത്യേകം കസേരകൾ ഒരുക്കാറുണ്ടായിരുന്നതും വലിയ പൊലീസ് പട ചുറ്റുമുണ്ടാകാറുള്ളതും ചൂണ്ടിക്കാണിച്ചാണ് സോഷ്യൽ മീഡിയയിൽ പലരും ഈ ചിത്രം പങ്കുവെക്കുന്നത്. ചിത്രത്തിന് പിന്നിൽ ഒരാൾ ചിരിച്ചുനിൽക്കുന്നത് കാണിച്ച്, ‘മുൻപായിരുന്നെങ്കിൽ ഇങ്ങനെ ചിരിക്കാൻ പോലും ഭയക്കണമായിരുന്നു’ എന്ന തരത്തിലുള്ള രാഷ്ട്രീയ കമന്റുകളും ട്രോളുകളും ചിത്രത്തിന് താഴെ നിറയുന്നുണ്ട്.
ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിലും സജീവമാണ്. ‘കാലത്തിന്റെ കാവ്യനീതിയും ജനാധിപത്യത്തിന്റെ കരുത്തുമാണ് ചിത്രത്തിൽ കാണുന്നത്’ എന്ന് ബിജെപി വക്താവ് റെജി ലൂക്കോസ് പ്രതികരിച്ചപ്പോൾ, ‘ധാർഷ്ട്യത്തിനേറ്റ തിരിച്ചടി’, ‘രാജാവിൽ നിന്ന് സഖാവിലേക്ക്’ തുടങ്ങിയ പരിഹാസക്കുറിപ്പുകളുമായാണ് പലരും ചിത്രം ഷെയർ ചെയ്യുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് വിമാനത്തിൽ കണ്ണൂരിൽ തിരിച്ചെത്തിയ പിണറായി വിജയനെ സ്വീകരിക്കാൻ ഇ.പി. ജയരാജൻ, പി. ജയരാജൻ, കെ.കെ. ശൈലജ തുടങ്ങിയ മുതിർന്ന നേതാക്കളാരും എത്താതിരുന്നതും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.