Image

പിണറായിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ച കേസ്: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള വ്യോമയാന വകുപ്പുകൾ ഒഴിവാക്കി

Published on 21 May, 2026
പിണറായിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ച കേസ്: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള വ്യോമയാന വകുപ്പുകൾ ഒഴിവാക്കി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്ന ഗുരുതരമായ വ്യോമയാന നിയമത്തിലെ വകുപ്പുകൾ ഒഴിവാക്കി. കേസ് നടന്ന് നാല് വർഷത്തിന് ശേഷമാണ് പ്രൊസിക്യൂഷൻ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ, സുദീപ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. അതേസമയം, പ്രതികൾക്കെതിരെയുള്ള വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ നിലനിർത്തിയിട്ടുണ്ട്.

​2022 ജൂൺ 13-നാണ് രാഷ്ട്രീയ കേരളത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് ഫർസീൻ മജീദും നവീൻ കുമാറും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കറുത്ത കുപ്പായമണിഞ്ഞ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് അടുത്തേക്ക് നീങ്ങിയ പ്രതിഷേധക്കാരെ എൽ.ഡി.എഫ് കൺവീനറായിരുന്ന ഇ.പി ജയരാജനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തള്ളിമാറ്റുകയും കൈയേറ്റം ചെയ്യുകയുമാണുണ്ടായത്. തുടർന്ന് വലിയതുറ പോലീസ് പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയായിരുന്നു.

​കേസിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുമെന്ന ഘട്ടത്തിലാണ് പോലീസ് പിന്നീട് വ്യോമയാന നിയമത്തിലെ കടുത്ത വകുപ്പുകൾ കൂടി ചുമത്തിയത്. എന്നാൽ ഈ വകുപ്പുകൾ നിലനിൽക്കില്ലെന്ന് കേന്ദ്ര സർക്കാർ പ്രൊസിക്യൂഷനെ ഔദ്യോഗികമായി അറിയിച്ചിരുന്നെങ്കിലും പോലീസ് ഇത് ഒഴിവാക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് സംസ്ഥാനത്ത് ഭരണം മാറിയ സാഹചര്യത്തിലാണ്, വ്യോമയാന നിയമത്തിലെ വകുപ്പുകൾ കേസിൽ നിന്നും ഒടുവിൽ ഒഴിവാക്കാൻ വലിയതുറ പോലീസ് തയ്യാറായതും കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിച്ചതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക